വ്യാജ മരുന്ന് നല്‍കിയ സംഭവം: നഗരസഭാധ്യക്ഷന്റെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ തടഞ്ഞുവച്ചു
മുക്കം: നിപാ വൈറസിനുള്ള പ്രതിരോധ മരുന്നെന്ന വ്യാജേന മണാശ്ശേരി ഗവ. ഡിസ്പന്‍സറിയില്‍നിന്നു ഹോമിയോ മരുന്ന് നല്‍കിയ സംഭവം അന്വേഷിക്കാനെത്തിയ സംഘത്തെ മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ മണാശ്ശേരി ഡിസ്പന്‍സറിയില്‍ തടഞ്ഞുവച്ചു.
അന്വേഷണ വിധേയമായി ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡി.എം.ഒ അയച്ച സംഘത്തെ നഗരസഭാ ചെയര്‍മാനും കൗണ്‍സിലര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തടഞ്ഞുവച്ചത്.
ഡി.എം.ഒയുടെ നിര്‍ദേശ പ്രകാരമെത്തിയ ഡിസ്ട്രിക്ട് ലെവല്‍ എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പിലെ അംഗങ്ങളെയാണ് ഒന്നര മണിക്കൂറോളം തടഞ്ഞുവച്ചത്. നിപാ വൈറസിനുള്ള പ്രതിരോധ മരുന്നെന്ന വ്യാജേന നല്‍കിയ മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത് അന്വേഷിക്കാനാണ് ഇന്നലെ രാവിലെ പത്തരയോടെ സംഘം മണാശ്ശേരിയിലെത്തിയത്.
ഡോ. ഗോപിനാഥ്, ഡോ. ജയശ്രീ, ഡോ. എ.ജി അജിത്, ഡോ. ബി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഡിസ്പന്‍സറിയിലെ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശ പ്രകാരമാണ് ജീവനക്കാരി മരുന്ന് നല്‍കിയതെന്നും, ഡ്യൂട്ടിയിലുള്ള ദിവസം മെഡിക്കല്‍ ഓഫിസര്‍ നേരിട്ട് മരുന്ന് നല്‍കിയിട്ടുണ്ടെന്നും നഗരസഭാ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. മേലുദ്യോഗസ്ഥര്‍ ചേര്‍ന്ന് ജീവനക്കാരിയെ ബലിയാടാക്കുകയായിരുന്നുവെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ജീവനക്കാരിയെ തിരിച്ചെടുക്കാമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ ഡോക്ടര്‍മാരെ വിട്ടയയ്ക്കൂവെന്ന നിലപാടിലായിരുന്നു കൗണ്‍സിലര്‍മാര്‍. ഒടുവില്‍ ഡോക്ടര്‍മാര്‍ ഡി.എം.ഒയെയും ഡി.എം.ഒ സംസ്ഥാന ഹോമിയോപ്പതി ഡയറക്ടറെയും ബന്ധപ്പെട്ടു.
തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നടപടി ഇന്ന് പിന്‍വലിക്കാമെന്ന ഡി.എം.ഒ യുടെ ഉറപ്പു ലഭിച്ച ശേഷമാണ് തടഞ്ഞുവച്ച സംഘത്തെ വിട്ടയച്ചത്.നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രശോഭ് കുമാര്‍, കൗണ്‍സിലര്‍മാരായ എന്‍. ചന്ദ്രന്‍, ബ്രിജേഷ് എന്നിവര്‍ ചേര്‍ന്നാണ് തടഞ്ഞു വച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."