കെവിന്‍ വധം: പൊലിസുകാര്‍ക്കെതിരേ കടുത്ത നടപടിയുണ്ടായേക്കും
കോട്ടയം: കെവിന്‍ വധക്കേസില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത നടപടിക്ക് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. കെവിന്‍ കേസില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്.ഐ എം.എസ് ഷിബു പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ എ.എസ്.ഐ ടി.എം ബിജു, പോലിസ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവരെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഐ.ജി വിജയ് സാഖറെയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുള്ളതായാണ് അറിയുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. എ.എസ്.ഐ സണ്ണിമോനെ കര്‍ശന നടപടിയില്‍നിന്ന് ഒഴിവാക്കിയേക്കും.
കെവിന്റെ തിരോധാനം എസ്.ഐ ഷിബു 14 മണിക്കൂര്‍ മറച്ചുവച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മെയ് 27 ഞായറാഴ്ച രാവിലെ ആറിനു കെവിനെ മാന്നാനത്തുനിന്ന് തട്ടിക്കൊണ്ടുപോയ വിവരമറിഞ്ഞിട്ടും രാത്രി മാത്രമാണ് അന്വേഷണം തുടങ്ങിയത്. കൂടാതെ മുഖ്യമന്ത്രി, ഐ.ജി, എസ്.പി എന്നിവരുടെ നിര്‍ദേശം അവഗണിക്കുകയും ചെയ്തു. സംഭവം കീഴുദ്യോഗസ്ഥര്‍ വൈകിയാണ് അറിയിച്ചതെന്ന് മുന്‍ കോട്ടയം എസ്.പി വി.എം മുഹമ്മദ് റഫീഖ് ആരോപിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പോലിസുകാര്‍ക്കെതിരേ കടുത്ത നടപടിക്ക് ആഭ്യന്തര വകുപ്പൊരുങ്ങുന്നത്.
കെവിനെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ഞായറാഴ്ച രാവിലെ ഭാര്യ നീനുവും കെവിന്റെ പിതാവ് ജോസഫും ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി എസ്.ഐ ഷിബു അവഗണിച്ചതായി തുടക്കം മുതല്‍ വിമര്‍ശനമുയര്‍ന്നിരുന്നു. സുരക്ഷാ ചുമതലയുള്ളതിനാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം പരാതി നോക്കാമെന്നായിരുന്നു എസ്.ഐയുടെ മറുപടി. കെവിന്റെ മരണം വിവാദമായതോടെ വീഴ്ചയുടെ പേരില്‍ എസ്.ഐ ഷിബുവിനെയും എ.എസ.്‌ഐ സണ്ണിമോനെയും സസ്‌പെന്‍ഡ് ചെയ്യുകയും എസ്.പിയെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. പട്രോളിങ്ങിനിടെ പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങിയതിന് എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ പിന്നീട് അറസ്റ്റിലുമായി സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിഷയത്തെ കുടുംബപ്രശ്‌നമായി നിസാരവല്‍ക്കരിച്ചതായും ഐ.ജിയുടെ റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."