എം.എല്‍.എയുടെ നടപടി അപഹാസ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ല മുഖാവരണവും കൈയുറയും ധരിച്ചെത്തിയത് ചോദ്യോത്തര വേളയില്‍ ബഹളത്തിനിടയാക്കി. ചോദ്യോത്തരവേള തുടങ്ങി അരമണിക്കൂറിനു ശേഷമാണ് മുഖാവരണവും കൈയുറയും ധരിച്ച് എം.എല്‍.എ സഭയിലെത്തിയത്. ഇത് കണ്ട് പ്രതിപക്ഷ നേതാവും മറ്റ് അംഗങ്ങളും അന്തം വിട്ടു. ചിലര്‍ക്ക് ഭയവുമായി. ഇനിയെങ്ങാനും പനിയുമായാണോ വരവ്.
നിപ്പ വൈറസ് പടര്‍ന്ന് പിടിച്ച കുറ്റ്യാടിയില്‍ നിന്നാണ് എം.എല്‍.എയുടെ വരവ്. പ്രതിപക്ഷ നേതാവും ഉപനേതാവും മുഖത്തോട് മുഖം നോക്കി. ഇത് കണ്ട പാറക്കല്‍ അബ്ദുല്ല പ്രതിപക്ഷ നേതാവിന്റെ അടുത്തെത്തി എന്തോ അടക്കം പറഞ്ഞു.
പിന്നീട് സീറ്റില്‍ വന്നിരിക്കുകയും ചെയ്തു. എന്നാല്‍ നിപാക്ക് എതിരേയുള്ള പ്രതിഷേധമാണ് സഭയില്‍ എം.എല്‍.എ നടത്തുന്നതെന്ന് ഭരണപക്ഷം തിരിച്ചറിഞ്ഞു.
ഈ സമയം കാരുണ്യ പദ്ധതി സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ആരോഗ്യമന്ത്രി. മന്ത്രിയുടെ വിശദീകരണത്തിനിടയില്‍ സ്പീക്കര്‍ ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഉടന്‍ മന്ത്രി മറുപടി പറഞ്ഞു.
സര്‍ക്കാരും സമൂഹവും ഗൗരവത്തോടെ കാണുന്ന വിഷയത്തെ ഇവിടെ ഒരു എം.എല്‍.എ പരിഹാസത്തിന്റെ രീതിയിലാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. മുഖാവരണവും കൈയുറയും ധരിക്കുന്നത് ഒന്നുകില്‍ നിപാ വൈറസ് പിടികൂടിയ ആളാകണം, അല്ലെങ്കില്‍ നിപാ പിടിപെട്ട ആള്‍ സമീപമുണ്ടാകണം. ഇത് രണ്ടും ഇവിടെയില്ല പിന്നെ എന്തിനാണ് ഈ പരിഹാസമെന്ന് മന്ത്രി ചോദിച്ചു.
ഇതിനിടയില്‍ സഭയില്‍ ഇരു വിഭാഗവും തമ്മില്‍ ബഹളമായി. കോഴിക്കോട്ട് ഇപ്പോള്‍ എല്ലാവരും ഇങ്ങനെയാണ് നടക്കുന്നത് എന്നതിനാല്‍ പ്രതീകാത്മകമായി അങ്ങനെ വന്നതാണെന്ന് പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു. കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തെ അവസ്ഥ സര്‍ക്കാര്‍ കാണണമെന്നും ശ്രദ്ധ ക്ഷണിക്കാനാണ് മുഖാവരണം ധരിച്ചതെന്നും പാറക്കല്‍ അബ്ദുല്ലയും പറഞ്ഞു.
എന്നാല്‍ നിപാ വൈറസ് ബാധ സ്ഥിരീകരിച്ചതു മുതല്‍ ആവശ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് കാര്യക്ഷമമായ ഇടപെടലാണ് ഇക്കാര്യത്തില്‍ നടത്തുന്നതെന്നും എന്നിട്ടും മുഖാവരണം ധരിച്ചെത്തിയ അംഗത്തിന്റെ നടപടി അപഹാസ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് വിളിച്ച ഉന്നതതല യോഗത്തില്‍ പോലും പങ്കെടുക്കാത്ത കുറ്റ്യാടി എം.എല്‍.എയാണ് ഇവിടെ വന്ന് ഈ നാടകം കളിക്കുന്നതെന്ന് ആരോഗ്യമന്ത്രി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."