കോവിഡ് 19- സാമ്പത്തിക ആഘാതം ചർച്ച ചെയ്യുന്നതിനായി ജി.സി.സി മന്ത്രിമാർ യോഗം ചേർന്നു
റിയാദ്: ആഗോള ജനതയെ തീർത്തും ഭയാശങ്കയിലാഴ്ത്തിയ കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതം ചർച്ച ചെയ്യുന്നതിനായി ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) വാണിജ്യ മന്ത്രിമാർ വെർച്ച്വൽ മീറ്റിംഗ് ചേർന്നു. അതത് രാജ്യങ്ങളിലെ ജനങ്ങൾക്ക് അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തേണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്ത യോഗം ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് കൂടുതൽ ക്രിയാത്മകമായ നീക്കങ്ങൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി.
യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി സുൽത്താൻ ബിൻ സഈദ് അൽമൻസൂരി അധ്യക്ഷത വഹിച്ചു. കോവിഡ് ബാധയെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ മേഖലയെ വിശിഷ്യാ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി സാമ്പത്തിക തലത്തിൽ വിവിധ രാജ്യങ്ങൾ സ്വീകരിച്ച നയനിലപാടുകൾ മന്ത്രിമാർ യോഗത്തിൽ വിശദീകരിച്ചു. ചരക്ക് ഗതാഗതം സുഗമാക്കുന്നതിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞ മന്ത്രിമാർ ഇതിനായി വിമാനത്താവളങ്ങളൂം തുറമുഖങ്ങളും തുറന്നിടുന്നതിന്റെ പ്രയോഗിക വശങ്ങൾ ചർച്ച ചെയ്തു.
അതെ സമയം വൈറസ് പടരാതിരിക്കാൻ ശക്തമായ മുൻ കരുതൽ നടപടികളും സ്വീകരിക്കണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു. വ്യാപാര, വാണിജ്യ തലത്തിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഏകോപിപ്പി ക്കുന്നതിനും മന്ത്രാലയങ്ങൾക്ക് കീഴിൽ പ്രത്യേക ടാസ്ക് ടീം രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."