പള്ളം 220 കെ.വി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി: വൈദ്യുതി വിതരണത്തില്‍ ഭാഗിക നിയന്ത്രണം
കോട്ടയം: ജില്ലയില്‍ ഇനിയുള്ള നാല് ദിവസം വൈദ്യുതി വിതരണത്തില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തും. പള്ളം 220 കെ.വി സബ് സ്‌റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
കോട്ടയം ജില്ലയെ കൂടാതെ, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വൈദ്യുതി എത്തിക്കുന്ന സംവിധാനത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. അതിനാല്‍ തന്നെ ഈ ജില്ലകളിലും വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍.
നിലവില്‍ പള്ളം സബ് സ്‌റ്റേഷനില്‍നിന്നു നേരിട്ടു വൈദ്യുതിവിതരണം ചെയ്യുന്ന 110 കെ.വി സബ് സ്‌റ്റേഷനുകളായ പാമ്പാടി, കാഞ്ഞിരപ്പള്ളി, അയര്‍ക്കുന്നം, പാലാ, ചെങ്ങളം, തൃക്കൊടിത്താനം, മല്ലപ്പള്ളി, കോടിമത എന്നിവിടങ്ങളിലും 66 കെ.വി സബ് സ്‌റ്റേഷനുകളായ ചങ്ങനാശേരി, തിരുവല്ല, ചുമത്ര, ഗാന്ധിനഗര്‍, കോട്ടയം, മുണ്ടക്കയം, കുട്ടനാട് എന്നീ സബ് സ്‌റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലും വൈദ്യുതി ഭാഗികമായി മുടങ്ങും.
ഇവിടെനിന്നു വൈദ്യുതി എത്തിക്കുന്ന ജില്ലകളിലും സമാനരീതിയില്‍ വൈദ്യുതി മുടങ്ങും. പകല്‍ സമയങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ വളരെയേറെ ബുദ്ധിമുട്ടിക്കും. കൊടുംചൂടില്‍ ചുട്ടുപൊള്ളുന്നവര്‍ക്ക് ആശ്വാസം പകരുന്ന ഫാന്‍, എസി, തണുത്ത വെള്ളം എന്നിവ ലഭിക്കണമെങ്കില്‍ ബുദ്ധിമുട്ടേണ്ടിവരും. പകല്‍ സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം വരുന്നത് പ്രതിഷേധത്തിനു വരെ വഴിവച്ചേക്കും.നിലവിലുള്ള ഐസലേറ്റര്‍ മാറ്റി ഹൈബ്രിഡ് ബസ്‌കപ്‌ളര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കുന്നതിനാലാണു വൈദ്യുതി ഭാഗികമായി മുടങ്ങുന്നത്.
വൈദ്യുതി നിയന്ത്രിക്കുന്നതിനായി ഇവിടെ നിലവില്‍ ഒരു ഐസലേറ്റാണ് ഉള്ളത്. ഇതു സമയനഷ്ടവും സുരക്ഷാ വീഴ്ചയുമുണ്ടാക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണു പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. വൈദ്യുതി വിതരണ സംവിധാനം അതിവേഗം പ്രവര്‍ത്തിപ്പിക്കുന്നതിനായാണു ഹൈബ്രിഡ് ബസ്‌കപ്ലര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ പള്ളത്തു സ്ഥാപിക്കുന്നത്. ഈ ഉപകരണം സ്ഥാപിക്കുന്നതിലൂടെ സുരക്ഷയും കാര്യക്ഷമതയും വേഗവും വര്‍ധിപ്പിക്കാനാകുമെന്നാണ് അധികൃതരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."