കാല്പന്തുകളിയുടെ മാമാങ്കത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മാള: കാല്പന്തുകളിയുടെ മാമാങ്കത്തിന് മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ഒരുക്കങ്ങള്‍ പൂപ്പത്തിയില്‍ പൂര്‍ത്തിയായി. സോയൂസ് സ്റ്റാര്‍ ക്ലബിന്റെ നേതൃത്വത്തിലുള്ള ഫുട്ബോള്‍ മേളയ്ക്കായാണ് ഗ്രാമം മുഴുവന്‍ മാസങ്ങളായി തയാറെടുത്തിരുന്നത്. കാല്പന്ത് കളിയെ നെഞ്ചിലേറ്റുന്ന പൂപ്പത്തി ഗ്രാമവാസികള്‍ തിരുവാതിരക്കളിയും മോഹിനിയാട്ടവും കളരി അഭ്യാസവും കരാട്ടെ പ്രകടനവുമെല്ലാമായാണ് ഫുട്ബോളിനെയും താരങ്ങളെയും വരവേല്‍ക്കുന്നത്. ഇതിനായി നാട്ടിലെ അമ്മമാരും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ ഒരുങ്ങിക്കഴിഞ്ഞു.
അഞ്ചാമത് സോക്കര്‍ ഫെസ്റ്റ് ഇന്ന് മുതല്‍ ഒന്‍പതു വരെയാണ് നടക്കുക. വൈകിട്ട് 6.30ന് സഹകരണ കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന് ഉദ്ഘാടനം ചെയ്യും. ടി.വി ഇന്നസെന്റ് എം.പി, അഡ്വ. വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30ന് നടക്കുന്ന സ്റ്റേജ് ഷോയില്‍ കലാകാരന്മാരും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കളും മറ്റും സംബന്ധിക്കും. എട്ട് ദിവസത്തെ മേളക്ക് തുടക്കം കുറിച്ചു നടക്കുന്ന മത്സരത്തില്‍ കേരള റെഡ് ആര്‍മിയും യൂണിവേഴ്സല്‍ ബില്‍ഡേഴ്സ് കളമശ്ശേരിയും തമ്മില്‍ ഏറ്റുമുട്ടും.
ഉദ്ഘാടനത്തിന്റെ ഭാഗമായി 200 കലാകാരന്മാര് അണിനിരക്കുന്ന സ്വാഗത ഗാനാവിഷ്കാരത്തിന്റെ ദൃശ്യവിസ്മയം അരങ്ങേറും. ഏപ്രില്‍ ആറിനാണ് കാണികളെ വിസ്മയത്തുമ്പില്‍ നിര്‍ത്തുന്ന കളരി അഭ്യാസ പ്രകടനങ്ങള്‍ അരങ്ങേറുക. എടപ്പാള്‍ എച്ച്.ജി.എസ് കളരിസംഘത്തിന്റെയും കൈരളി കളരി സംഘം പൂപ്പത്തിയുടെയും അഭ്യാസികളാണ് കൈമെയ് മറന്ന് മൈതാനിയില്‍ കളരിച്ചുവടുകള്‍ തീരപ്പക്കുക. എടപ്പാള്‍ എച്ച്.ജി.എസ് കളരി ഗുരുക്കള്‍ ഹനീഫയുടെയും പൂപ്പത്തി കൈരളി കളരി ഗുരുക്കള്‍ ഇബ്രാഹിംകുട്ടിയുടെയും ശിഷ്യന്മാര് അഭ്യാസമുറകള്‍ അവതരിപ്പിക്കും. കൈപ്പോര്, വടിപ്രയോഗങ്ങള്, വാള്‍പ്പയറ്റുകള്‍, ഒറ്റ, പരിച, മാര്‍ജാരവടിവ്, കുക്കുടവടിവ്, നാഗവടിവ്, അശ്വവടിവ്, ഗജവടിവ്, വാനരവടിവ് തുടങ്ങി ഒന്നിനൊന്ന് മികവു പുലര്‍ത്തുന്ന അഭ്യാസമുറകളാണ് അവര്‍ തന്മയത്തത്തോടെ അവതരിപ്പിക്കുക.
അഞ്ചു വര്‍ഷം മുന്‍പാണ് സോയൂസ് സ്റ്റാര്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി നിലച്ചുപോയ ഫുട്ബോള്‍ ഫെസ്റ്റ് പുനരാരംഭിച്ചത്. ഫുട്ബോള്‍ പ്രേമികളായ പഴയ തലമുറയും പുതുതലമുറയും കൈകോര്‍ത്തതോടെ ഫുട്ബോള്‍ ഫെസ്റ്റ് ഗ്രാമത്തിന്റെ ഉത്സവമായി മാറിയതായി കോഡിനേറ്റര്‍ മുഹമ്മദ് റാഫി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."