കനാലില്‍ മാലിന്യമൊഴുക്കിയ സംഭവം റാണി മില്‍ ആര്‍.ഡി.ഒ സന്ദര്‍ശിച്ചു
വടകര: റാണി പബ്ലിക് സ്‌കൂളിലെയും റാണി ഫുഡ് പ്രൊഡക്ടിലെയും മാലിന്യങ്ങള്‍ എന്‍.സി കനാലില്‍ ഒഴുക്കിയ സംഭവം അന്വേഷിക്കാന്‍ ആര്‍.ഡി.ഒ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി. ചോറോട് പഞ്ചായത്ത് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ ആക്ഷന്‍ കമ്മിറ്റിയംഗങ്ങള്‍ സംഘത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു.
പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിരുത്തരവാദപരമായ നടപടികളാണു സംഭവങ്ങള്‍ക്ക് കാരണമെന്നും മാലിന്യമൊഴുക്കിയ സംഭവം ശ്രദ്ധയില്‍പെട്ടതിനു ശേഷവും മൂന്നുദിവസം കഴിഞ്ഞാണ് ആരോഗ്യവകുപ്പ് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് അയച്ചതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ഈ സമയത്തിനിടയില്‍ റാണി അധികൃതര്‍ക്ക് മാലിന്യമൊഴുക്കിയതിനുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞെന്നും ഇവര്‍ പറഞ്ഞു. കനാലിനു സമീപമുള്ള കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള പമ്പിങ് മാലിന്യം കാരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. സമീപത്തെ നൂറുകണക്കിന് വീടുകളുടെ കിണറുകളും മലിനമായി.
എന്നാല്‍ സംഭവം ശ്രദ്ധയില്‍പെട്ടശേഷം പൊതുജനാരോഗ്യത്തിനു ഹാനികരമാകും വിധം പ്രവര്‍ത്തിച്ചതിന് ഉടമസ്ഥനെതിരേ പൊലിസില്‍ പരാതി നല്‍കിയതായും കുടിവെള്ള പ്രശ്‌നം നേരിടുന്നവര്‍ക്ക് കുടിവെള്ളം വിതരണം ചെയ്തതായും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി. സി.ഡബ്ല്യു.ആര്‍.ഡി.എം അധികൃതര്‍ പരിശോധന നടത്തിയ ശേഷം സ്‌കൂള്‍ ഹോസ്റ്റലും കാന്റീനും സ്‌കൂളിനകത്ത് പ്രവര്‍ത്തിക്കുന്ന സര്‍വിസ് സ്റ്റേഷന്‍ എന്നിവയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയതായും സെക്രട്ടറി അറിയിച്ചു. അതേസമയം സ്‌കൂള്‍ കോംപൗണ്ടിനകത്ത് എത്ര കെട്ടിടങ്ങളുണ്ട് എന്നതിനെകുറിച്ചോ എത്രയെണ്ണം അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന ഡെപ്യൂട്ടി കലക്ടറുടെ ചോദ്യത്തിന് പഞ്ചായത്ത് അധികൃതര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നളിനി അധ്യക്ഷയായി. ആര്‍.ഡി.ഒ അബ്ദുറഹ്മാന്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി, തഹസില്‍ദാര്‍ പി.കെ സതീഷ്‌കുമാര്‍, ജില്ലാ പഞ്ചായത്തംഗം ടി.കെ രാജന്‍, പഞ്ചായത്ത് സെക്രട്ടറി എ.വി അബ്ദുല്‍ ലത്തീഫ്, ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ടി.കെ രാജന്‍, ഇ.പി ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."