കാസര്‍കോടിന്റെ സ്വപ്നം പൂവണിഞ്ഞു; കൊവിഡ് ചികിത്സയ്ക്ക് മെഡിക്കല്‍ കോളജ് പൂര്‍ണസജ്ജം
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മെഡിക്കല്‍ കോളജ് എന്ന സ്വപ്നം ഇന്നലെ പൂവണിഞ്ഞു. ഗവ. മെഡിക്കല്‍ കോളജ് കൊവിഡ്- 19 ആശുപത്രി, കാസര്‍കോടെന്ന നാമത്തിലാണ് ആശുപത്രിയുടെ തുടക്കം.
ജില്ലയിലെ ജനങ്ങളില്‍ നിന്ന് വര്‍ഷങ്ങളോളമായി ഉയരുന്ന മുറവിളിക്കാണ് ഇതോടെ അല്‍പം ശമനമായത്. ഇനിയുള്ള നാളുകളില്‍ മെഡിക്കല്‍ കോളജില്‍ കൂടുതല്‍ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും അതിവേഗം തയാറാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ജനങ്ങള്‍. നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ കഴിയുന്ന രോഗികളില്‍ ആര്‍ക്കെങ്കിലും കൂടുതല്‍ ചികിത്സ വേണ്ടിവന്നാല്‍ മാത്രമേ അവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുള്ളൂ എന്ന് മെഡിക്കല്‍ കോളജിന്റെ ചുമതലയുള്ള ഡോ. രാമന്‍ സ്വാതി വാമന്‍ വ്യക്തമാക്കി.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ആറു പുരുഷന്‍മാരെ രാത്രി ഒന്‍പതോടെ മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇതോടെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഉദ്ഘാടനം ഔദ്യോഗിക ചടങ്ങുകളൊന്നുമില്ലാതെ നടന്നു. കൊവിഡ് ചികിത്സയ്ക്കു പുറമെ ആശുപത്രിയില്‍ അത്യാഹിത വിഭാഗം കൂടി പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടെത്തിയ ഉന്നത മെഡിക്കല്‍ സംഘം ഇന്നലെ രാവിലെ ജില്ലയില്‍ നടന്ന മെഡിക്കല്‍ യോഗത്തില്‍ സംബന്ധിച്ചു. മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 27 പേരടങ്ങുന്ന വിദഗ്ധ സംഘമാണ് കാസര്‍കോട്ടെത്തിയത്. 13 ഡോക്ടര്‍മാര്‍, പത്തു സ്റ്റാഫ് നഴ്‌സുമാര്‍, നാല് അസിസ്റ്റന്റ് നഴ്‌സുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ കോവിഡ് ചികിത്സയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്കു പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും. കൊവിഡ് സ്ഥിരീകരിച്ച രോഗികള്‍ക്കുള്ള വാര്‍ഡാണ് ആദ്യം ആരംഭിക്കുന്നതെന്ന് ഡോ. സന്തോഷ് കുമാര്‍ പറഞ്ഞു.
ആശുപത്രിയില്‍ എത്തിയ സംഘം സൗകര്യങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തി തൃപ്തി രേഖപ്പെടുത്തി. ഇതോടെ കൊവിഡ് ബാധിതര്‍ക്കു മികച്ച ചികിത്സ നല്‍കാന്‍ ജില്ല സജ്ജമാണെന്ന് ജില്ലയിലെ കൊവിഡ് പ്രതിരോധത്തിന്റെ പ്രത്യേക ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫിസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.
കൊവിഡ് ആശുപത്രിയില്‍ എല്ലാ മെഡിക്കല്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിദഗ്ധരായ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ലഭ്യമാണ്. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ല പ്രപ്തമായിക്കഴിഞ്ഞു. സാമൂഹ്യ അകലം പാലിച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങളനുസരിച്ച് ജനങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ സ്ഥിതി പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."