അസം സ്വദേശിയുടെ മരണകാരണം ഡെങ്കിപ്പനി
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജില്‍ അസം സ്വദേശി മരിച്ചത് ഡെങ്കിപ്പനി കാരണമാണെന്ന് സ്ഥിരീകരിച്ചു. ആന്തൂര്‍ നഗരസഭാ ഹാളില്‍ ചേര്‍ന്ന വിദ്ഗ്ധ സമിതിയോഗത്തില്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് മരണകാരണം വെളിപ്പെടുത്തിയത്. മനോജിന്റെ മരണകാരണം നിപയാണെന്നും പിന്നീട് ജപ്പാന്‍ജ്വരമാണെന്നും വ്യാപക പ്രചാരണം നടന്നിരുന്നു. എന്നാല്‍ ഏറ്റവും അവസാനം നടന്ന പരിശോധനയിലാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനായാണ് നഗരസഭാ ആരോഗ്യവിഭാഗവും ലേബര്‍ ഓഫിസറും ഡോക്ടര്‍മാരും നഗരസഭാഭരണാധികാരികളും ഉള്‍പ്പെട്ട വിദഗ്ധ സമിതിയുടെ യോഗം ചേര്‍ന്നത്. 9,10 തിയതികളില്‍ ആന്തൂര്‍ നഗരസഭയിലെ വ്യവസായ സ്ഥാപനങ്ങളില്‍ ഡ്രൈഡേ ആചരിക്കാനും ശുചീകരണം നടത്താനും തീരുമാനിച്ചു.
പ്ലൈവുഡ് ഫാക്ടറിയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. രണ്ടു ദിവസത്തിനകം ആരോഗ്യ വകുപ്പധികൃതര്‍ നഗരസഭയിലെ വ്യവസായ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. തൊഴിലാളികളുടെ താമസസ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ യോഗം നിര്‍ദേശിച്ചു. തൊഴിലാളികളിലെ പുകയില ഉപയോഗത്തിനെതിരേ ബോധവല്‍ക്കരണം നടത്തും. വൈസ് ചെയര്‍മാന്‍ കെ. ഷാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള ഉദ്ഘാടനം ചെയ്തു. ജില്ലാ അസി. ടെക്‌നിക്കല്‍ ഓഫിസര്‍ സുനില്‍ ദത്തന്‍ വിശദീകരണം നല്‍കി. പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരായ ഗണേശ് ബി. മല്ലന്‍, എ.കെ വേണുഗോപാല്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ബി. സന്തോഷ്, അസി. ലേബര്‍ ഓഫിസര്‍ സജിത്ത്, നഗരസഭാ സെക്രട്ടറി ഗിരീഷ്, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുള്‍ ഫാക്ടറി മാനേജ്‌മെന്റ് പ്രതിനിധി റഷീദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."