മാതൃകയായി കക്ക വാരല്‍ തൊഴിലാളികള്‍
കൊല്ലം: അഷ്ടമുടിക്കായലില്‍ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനായി രംഗത്തിറങ്ങിയ കക്ക വാരല്‍ തൊഴിലാളികള്‍ പരിസ്ഥിതി ദിനത്തില്‍ പുതിയ മാതൃകയായി. രാജ്യാന്തര അംഗീകാരം നേടിയ അഷ്ടമുടി കക്ക സമ്പത്തിന് ഭീഷണിയാകുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിന് കക്ക വാരല്‍ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) അംഗങ്ങളായ 200 ഓളം പേരാണ് രാവിലെ കാവനാട് മുക്കാട് പള്ളി കായല്‍ വാരത്ത് നിന്ന് 100 ഓളം ചെറുവള്ളങ്ങളില്‍ തിരിച്ചത്. ഹരിത കേരളാ മിഷന്റെയും ശുചിത്വ മിഷന്റേയും സഹകരണത്തോടെയായിരുന്നു പരിപാടി.
തേവളളി പാലം മുതല്‍ കടവൂര്‍, പെരുമണ്‍, അരിനല്ലൂര്‍, മണ്‍ട്രോതുരുത്ത്, തോപ്പില്‍കടവ്, കാവനാട്, മുക്കാട്, കല്ലുപുറം, മുകുന്ദപുരം, തലമുകില്‍, ചവറ തെക്കുംഭാഗം തുടങ്ങിയ പ്രദേശങ്ങളില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു മാലിന്യ ശേഖരണം നടത്തിയത്.
കാംപയിന്റെ ഉദ്ഘാടനം മേയര്‍ വി. രാജേന്ദ്രബാബുവും വള്ളങ്ങളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനും നിര്‍വഹിച്ചു.വൈകുന്നേരം മുക്കാട് പളളിക്കടവില്‍ തിരികെ യെത്തിയ വള്ളങ്ങള്‍ കായലില്‍നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഏറ്റുവാങ്ങി. കൊല്ലം കോര്‍പറേഷന്‍ സജ്ജമാക്കിയ വാഹനങ്ങളില്‍ നീണ്ടകര ഹാര്‍ബറിലെ ഷ്രെഡിങ് യൂനിറ്റിലേക്ക് മാറ്റി. മൂന്നു ടണ്ണോളം പ്ലാസ്റ്റിക്ക് മാലിന്യമാണ് ശേഖരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."