നിപാ: അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ജന്മഭൂമിക്കെതിരേ കേസ്
പേരാമ്പ്ര: നിപാ വൈറസ് ബാധ സംബന്ധിച്ച് തെറ്റിദ്ധാരണജനകവും അടിസ്ഥാന രഹിതവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം പെരുവണ്ണാമൂഴി പൊലിസ് കേസെടുത്തു. വാര്‍ത്ത തയാറാക്കിയ ജന്മഭൂമി ദിനപത്രം റിപ്പോര്‍ട്ടര്‍, ചീഫ് എഡിറ്റര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. നിപാ ബാധിച്ച് മരണപ്പെട്ട സാബിത്ത്, സ്വാലിഹ് എന്നിവരുടെ മാതാവും സൂപ്പിയുടെ ഭാര്യയുമായ പന്തിരിക്കര വളച്ചുകെട്ടിയില്‍ മറിയം റൂറല്‍ എസ്പിക്ക് നല്കിയ പരാതിയാണ് കേസിന്നാധാരം.
കഴിഞ്ഞമാസം 25 ലെ ജന്മഭൂമി ദിനപത്രത്തില്‍ ഒന്നാം പേജില്‍ 'നിപ എത്തിയത് മലേഷ്യയില്‍ നിന്ന് എന്നും, പരാതിക്കാരിയുടെ മകന് നിപാ വൈറസ് മലേഷ്യയില്‍നിന്നു കൊണ്ടുവന്നതാണെന്നുമുള്ള അടിസ്ഥാനമില്ലാത്ത വാര്‍ത്ത നല്കി തന്നെയും കുടുംബത്തേയും സമൂഹത്തില്‍ അപകീര്‍ത്തിപെടുത്തിയെന്ന് ' കാണിച്ചാണ് മറിയം റൂറല്‍എസ് പിക്ക് പരാതി നല്‍കിയത്.
എസ്പി ഈ പരാതി പെരുവണ്ണാമൂഴി പൊലിസിനു കൈമാറി. പെരുവണ്ണാമൂഴി പൊലിസ് പരാതി പേരാമ്പ്ര കോടതി മുമ്പാകെ സമര്‍പ്പിക്കുകയും കോടതിയുടെ അനുമതിയോടെ കേസെടുക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."