ജന്‍മനാട്ടിലേക്കുള്ള അവരുടെ യാത്ര മുടങ്ങി, രണ്ടാം തവണയും...
തിരുവനന്തപുരം: കൊവിഡ് കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കേരളത്തില്‍ കുടുങ്ങിയ റഷ്യന്‍ പൗരന്മാര്‍ക്ക് രണ്ടാം തവണയും നാട്ടിലേക്ക് തിരിക്കാനായില്ല. അവസാന നിമിഷമാണ് സംഘത്തിനുള്ള അനുമതി നിഷേധിച്ചതും യാത്ര നീട്ടിവെക്കാന്‍ റഷ്യന്‍ ഗവണ്‍മെന്റ് നിര്‍ദേശിച്ചതും.
കൊവിഡ് തീവ്രമായി വ്യാപിച്ച രാജ്യങ്ങളില്‍ നിന്നുള്ള റഷ്യന്‍ പൗരന്മാരും കേരളത്തില്‍ നിന്ന് യാത്ര തിരിക്കുന്നവരും ഒരുമിച്ച് രാജ്യത്ത് എത്തും എന്നതിനാലാണ് തുടര്‍ക്രമീകരണങ്ങള്‍ക്കായി യാത്രാനുമതി നിഷേധിച്ചത്.
എല്ലാ ക്രമീകരണങ്ങളും ഒരുക്കിയ ശേഷം ഇത് രണ്ടാം തവണയാണ് റഷ്യന്‍ പൗരന്മാരുടെ യാത്ര മുടങ്ങുന്നത്. ഈ മാസം നാലിനായിരുന്നു ആദ്യ യാത്ര തീരുമാനിച്ചിരുന്നത്. വിവിധ രാജ്യങ്ങളിലെ ക്വാറന്റൈന്‍ വ്യവസ്ഥ വ്യത്യസ്തമായതിനാല്‍ യാത്ര നീട്ടിവയ്ക്കണമെന്ന് അന്ന് റഷ്യന്‍ ഗവണ്‍മെന്റ് നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്ന്, ഇന്നലെ ഉച്ചയ്ക്ക് 1.30ന് യുറാല്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ റഷ്യന്‍ പൗരന്മാരെ സ്വദേശങ്ങളിലേക്ക് മടക്കിയക്കാനുള്ള നടപടികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് റഷ്യന്‍ ഭരണകൂടം തീരുമാനം വീണ്ടും മാറ്റിയത്.
14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ക്കും കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്കുമാണ് സര്‍ക്കാര്‍ മടങ്ങിപ്പോകാന്‍ അനുമതി നല്‍കിയത്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നായി 207 റഷ്യന്‍ പൗരന്മാരാണ് തിരികെ പോകാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 140 പേര്‍ യാത്ര ഉറപ്പാക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കായി ഇന്നലെ കോവളം ഉദയ സമുദ്രയില്‍ കൊവിഡ് റാപ്പിഡ് ടെസ്റ്റും നടത്തിയിരുന്നു. എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നു. റഷ്യയിലെ എക്തറിന്‍ബര്‍ഗ് മേഖലയിലായിരുന്നു സംഘത്തിന് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ദിവസം 200 പേരെ മാത്രമാണ് ഓരോ മേഖലകളിലും റഷ്യ സ്വീകരിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടിയും വരും. ഇതും രോഗവ്യാപന സാധ്യതയും കണക്കിലെടുത്താണ് റഷ്യന്‍ ഗവണ്‍മെന്റ് കേരളത്തിലേക്ക് തിരിക്കാനിരുന്ന പ്രത്യേക വിമാനം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ റദ്ദാക്കിയത്. കേരളത്തില്‍ സുരക്ഷിതരാണെങ്കിലും ഉടന്‍ നാട്ടിലെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."