കാലിക്കറ്റ് സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ഗുരുതര സുരക്ഷാ വീഴ്ച ; പാസ്‌വേഡില്ലാതെ വിവരങ്ങള്‍ തിരുത്താം
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ഗുരുതര സുരക്ഷാ വീഴ്ച. കോളജുകളെയും പെന്‍ഷന്‍കാരെയും കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ക്കും കാണാനും എഡിറ്റ് ചെയ്യാനും കഴിയുന്ന വിധത്തിലാണെന്ന് സുപ്രഭാതം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ഏതാനും പേരുടെ വിവരങ്ങള്‍ ലഭ്യമായെങ്കിലും വ്യക്തികളുടെ സ്വകാര്യത മാനിച്ച് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല. യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് സുരക്ഷിതമാക്കേണ്ട വിവരങ്ങളാണ് ആര്‍ക്കും തിരുത്താവുന്ന വിധത്തില്‍ നല്‍കിയത്. യൂനിവേഴ്‌സിറ്റിയുടെ ഡയറക്ടറേറ്റ് ഓഫ് അഡ്മിഷന്റെ വെബ്‌സൈറ്റില്‍ നോഡല്‍ ലോഗിനിലാണ് പ്രശ്‌നമുള്ളത്. പാസ്‌വേര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമാക്കേണ്ട ഭാഗമാണിത്. ഇതില്‍ പി.ജി, യു.ജി പി.ജി എന്‍ട്രന്‍സ് എന്നിവ ക്ലിക് ചെയ്യുമ്പോള്‍ ലോഗിന്‍ പേജിലേക്ക് പോകും.
എന്നാല്‍ യൂസര്‍ നെയിമോ പാസ്‌വേഡോ ഉപയോഗിക്കാതെ തന്നെ ഡാഷ്‌ബോര്‍ഡ് പേജിലേക്ക് പ്രവേശിക്കാനാകും. പി.ജി ലിങ്കില്‍ ക്ലിക് ചെയ്താല്‍ സുല്‍ത്താന്‍ ബത്തേരിയിലെ ഒരു സ്വാശ്രയ കോളജിന്റെ വിവരങ്ങളുള്ള പേജിലേക്കാണ് പ്രവേശിക്കുന്നത്. ഈ കോളജിന്റെ വിവരങ്ങള്‍ ആര്‍ക്കും എഡിറ്റ് ചെയ്യാനുമാകും.
യു.ജി പി.ജി എന്‍ട്രന്‍സ് വിഭാഗത്തിലും ഇതേ പോലെ പാസ്‌വേഡില്ലാതെ പ്രവേശിക്കാനാകും. തൃശൂരിലെ അരനാട്ടുകരയിലെ കോളജിന്റെ പേജിലേക്കാണ് പ്രവേശിക്കുക. കോളജ് സംബന്ധിച്ച വിവരങ്ങള്‍ തിരുത്താനും കഴിയും. സാധാരണ കോളജിന്റെ പ്രിന്‍സിപ്പലോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോ ആണ് നോഡല്‍ ഓഫിസര്‍മാരാകുന്നത്. ഇവര്‍ മാത്രം കൈകാര്യം ചെയ്യേണ്ട വിവരങ്ങളാണ് ആര്‍ക്കും തിരുത്താനാകുന്ന വിധത്തില്‍ വെബ്‌സൈറ്റില്‍ നല്‍കിയത്. കോഴിക്കോട്ടെ സ്വകാര്യ ഐ.ടി സ്ഥാപനമാണ് വെബ്‌സൈറ്റ് തയാറാക്കിയത്. സൈറ്റില്‍ നിന്ന് ഈ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലേക്ക് ലിങ്കും നല്‍കിയിട്ടുണ്ട്.
യൂനിവേഴ്‌സിറ്റിയുടെ ഫിനാന്‍സ് കംപ്യൂട്ടര്‍ സെന്റര്‍, അസി.രജിസ്ട്രാര്‍ നിയന്ത്രിക്കുന്ന പെന്‍ഷന്‍കാരുടെ വെബ്‌സൈറ്റിലും പാസ്‌വേഡില്ലാതെ ആര്‍ക്കും പ്രവേശിക്കാം. ഒരാളുടെ പെന്‍ഷന്‍ പേജില്‍ നിന്ന് മറ്റൊരാളുടെ പേജിലേക്ക് പ്രവേശിക്കാനും തടസമില്ല. ഒരാളുടെ പേജിന്റെ ലിങ്ക് ലഭിച്ചാല്‍ ആര്‍ക്കും എവിടെ നിന്നും ആ പേജിലേക്ക് പ്രവേശിക്കാനുമാകും. ഒരാളുടെ പെന്‍ഷന്‍ നമ്പര്‍, പേര്,വിലാസം, ജനന തിയതി, പെന്‍ഷനായ തിയതി, പെന്‍ഷന്‍ ഓര്‍ഡര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, പാന്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ പരസ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ തെരഞ്ഞാല്‍ ഇതുവരെയുള്ള പെന്‍ഷന്‍ ബില്‍, ബോണസ്, ഡി.എ അരിയര്‍, ഇന്‍ക്രിമെന്റ് അരിയര്‍ എന്നിവയും ലഭിക്കും. ലോഗിന്‍ സെക്യൂരിറ്റി ടാബില്‍ യൂസെര്‍ നെയിമും പാസ്‌വേഡും നല്‍കി സൂക്ഷിക്കാത്തതാണ് ഇത്തരം സുരക്ഷാ വീഴ്ചക്കിടയാക്കുന്നതെന്നാണ് ഐ.ടി വിദഗ്ധര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."