അറസ്റ്റ് നല്‍കുന്നത് തെറ്റായ സന്ദേശം: പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍
കൊച്ചി: എടപ്പാളിലെ തിയറ്റര്‍ പീഡനക്കേസില്‍ മുഖ്യസാക്ഷിയായ തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുകയെന്നു വ്യക്തമാക്കി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.പി) അഡ്വ. മഞ്ചേരി ശ്രീധരന്‍ നായര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ദൃശ്യങ്ങള്‍ പൊലിസിന് കൈമാറാന്‍ വൈകിയെന്നാരോപിച്ചാണ് തിയറ്റര്‍ ഉടമ സതീശിനെ അറസ്റ്റ് ചെയ്തത്. പൊലിസ് നടപടിക്കെതിരേ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു.
ഇത്തരം കേസുകളില്‍ നിശ്ചിത സമയത്തിനകം പരാതി നല്‍കണമെന്ന് പോക്‌സോ നിയമത്തിലെ 19, 21 വകുപ്പുകള്‍ പ്രകാരം പറയുന്നില്ല. ആ നിലയ്ക്ക് ഈ വകുപ്പുകള്‍ പ്രകാരം സതീശിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണ്. കുറ്റകൃത്യം മറച്ചുവെക്കാന്‍ സതീശ് മനഃപൂര്‍വം ശ്രമിച്ചോയെന്നാണ് പരിശോധിക്കേണ്ടിയിരുന്നത്. സി.സി ടി.വി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഡിസ്‌കില്‍ സ്ഥലം കുറവായതിനാല്‍ ദൃശ്യങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാകുമെന്നും ഇതു മറ്റൊരു ഡിസ്‌കിലേക്ക് മാറ്റണമെന്നും സതീശ് പറഞ്ഞതായി തിയറ്റര്‍ മാനേജര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ദൃശ്യങ്ങള്‍ നശിപ്പിക്കാനോ മറച്ചുവക്കാനോ അദ്ദേഹം ശ്രമിച്ചില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഏപ്രില്‍ 18 നാണ് സംഭവം നടന്നത്. ഇതിനു ശേഷമുള്ള ദിവസങ്ങളില്‍ സതീശ് സ്ഥലത്തുണ്ടായിരുന്നില്ല.
എന്നിട്ടും പരാതി നല്‍കാന്‍ വൈകിയെന്ന പേരില്‍ അറസ്റ്റ് ചെയ്തത് തെറ്റാണ്. ഭാവിയില്‍ ഇത്തരം കേസുകളില്‍ ആളുകള്‍ തെളിവു നല്‍കാനും സാക്ഷി പറയാനും മടിക്കുമെന്നും ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."