HOME
DETAILS
MAL
ലോക്ക് ഡൗണ്‍ നാലുഘട്ടമായി പിന്‍വലിച്ചാല്‍ മതി: യു.ഡി.എഫ് ഉപസമിതി
backup
April 09 2020 | 02:04 AM
തിരുവനന്തപുരം: നിലവിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നാലുഘട്ടമായി പിന്‍വലിച്ചാല്‍ മതിയെന്ന് യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട്. കൊവിഡ് ബാധ വിലയിരുത്തി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളെ റിസ്‌ക് ഇല്ലാത്ത മേഖല, മീഡിയം റിസ്‌ക് മേഖല, ഹൈ റിസ്‌ക് മേഖല, വെരിഹൈ റിസ്‌ക് മേഖല എന്നിങ്ങനെ നാലായി തിരിച്ച് ഓരോ പ്രദേശങ്ങള്‍ക്കും പ്രത്യേകം സംവിധാനം ഒരുക്കണമെന്ന നിര്‍ദേശവും ഉപസമിതി മുന്നോട്ടുവച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഉപസമിതി ഇന്നലെ റിപ്പോര്‍ട്ട് കൈമാറി. ഈ റിപ്പോര്‍ട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, ധനമന്ത്രി എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എം.പി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവര്‍ക്കും പ്രതിപക്ഷ നേതാവ് അയച്ചു.
പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ കണ്‍വീനറായും മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍, പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗങ്ങളായ സി.പി ജോണ്‍, ജി. വിജയരാഘവന്‍, ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ. മാര്‍ത്താണ്ഡപിള്ള, ഐ.എം.എ കേരള ഘടകം മുന്‍ പ്രസിഡന്റ് ഡോ. ശ്രീജിത്ത് എന്‍.കുമാര്‍, ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് വിദഗ്ധന്‍ ഡോ.എസ്.എസ് ലാല്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു ഉപസമിതി.
പതിനായിരം പേരില്‍ എത്ര പേര്‍ക്ക് കൊവിഡ് ബാധയുണ്ട്, വാര്‍ഡുതലത്തില്‍ എത്ര ഹോട്ട് സ്‌പോട്ടുകള്‍, പതിനായിരം പേരില്‍ എത്രപേര്‍ നീരീക്ഷണത്തിലും ചികിത്സയിലുമാണ്, ഏഴുദിവസത്തിനുള്ളില്‍ ടെസ്റ്റ് ചെയ്തപ്പോള്‍ എത്ര ശതമാനം പേര്‍ പോസിറ്റീവായി, ഏഴ് ദിവസത്തിനുള്ളില്‍ പ്രാദേശികതലത്തില്‍ വൈറസ് ബാധ ഉണ്ടായത് എത്രപേര്‍ക്ക് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചുവേണം ജില്ലകളെ തരംതിരിക്കാനെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കൂടാതെ സംസ്ഥാനം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഉപസമിതി മുന്നോട്ടുവച്ചു. ജി.എസ്.ഡി.പിയുടെ മൂന്നുമുതല്‍ ആറ് ശതമാനം വരെ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തികസഹായമായി കേന്ദ്രം നല്‍കണം. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തികവിഹിതം വര്‍ധിപ്പിക്കണം. സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയര്‍ത്തണം. 2008-2009 കാലത്ത് ഡോ. മന്‍മോഹന്‍ സിങ് കൊണ്ടുവന്ന പോലെ ഉത്തേക പാക്കേജ് നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രെയിന്‍, വിമാന സര്‍വിസുകളെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ട. ആഭ്യന്തര വിമാന സര്‍വിസുകള്‍ ഏപ്രില്‍ അവസാനത്തോടെ പരിഗണിച്ചാല്‍ മതി. അന്താരാഷ്ട്രതലത്തിലുള്ള വിമാന യാത്രകളും മറ്റും മെയ് 15 വരെ പാടില്ല. വിദേശത്തുനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യണം. അവര്‍ നാട്ടിലെത്തിയാല്‍ നിര്‍ബന്ധമായും 28 ദിവസം ക്വാറന്റൈനില്‍ നിര്‍ത്തണം. അന്തര്‍ജില്ലാ ബസ് ഗതാഗതം അനുവദിക്കുമ്പോള്‍ ഒരു സീറ്റില്‍ ഒരു യാത്രക്കാരനെ മാത്രമേ അനുവദിക്കാവൂ. സ്രവ പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. ഡോക്ടര്‍മാക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും നിര്‍ബന്ധമായും ടെസ്റ്റുകള്‍ നടത്തണം.
ഹൈറിസ്‌ക് പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും സാമൂഹിക അകലം ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. മീഡിയം, ലോ റിസ്‌ക് പ്രദേശങ്ങളിലും നിയന്ത്രണങ്ങളും സാമൂഹികഅകലം പാലിക്കലും അനിവാര്യമാണ്. ലോ, മീഡിയം റിസ്‌ക് പ്രദേശങ്ങളില്‍ ആഴ്ചയില്‍ അഞ്ചുദിവസം ഓഫിസുകള്‍ തുറക്കാം. എന്നാല്‍, ഹൈ, വെരിഹൈ റിസ്‌ക് പ്രദേശങ്ങളില്‍ ആഴ്ചയില്‍ രണ്ടുദിവസം തുറന്നാല്‍ മതി. ലോ, മീഡിയം റിസ്‌ക് പ്രദേശങ്ങളില്‍ കടകള്‍ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് നാല് മുതല്‍ എട്ടുവരെയും തുറക്കാം. എന്നാല്‍, ഹൈ, വെരിഹൈ റിസ്‌ക് പ്രദേശങ്ങളില്‍ നിലവിലുള്ള സ്ഥിതി തുടരണം. ആരാധനാലയങ്ങളും ടൂറിസംമേഖലയും ഈ പ്രതിസന്ധി കഴിയുംവരെ പ്രവര്‍ത്തിക്കാന്‍ പാടില്ല.
ലോ, മീഡിയം റിസ്‌ക്കുള്ള പ്രദേശങ്ങളിലെ ഐ.ടി കമ്പനികള്‍ക്ക് 25 മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ മതിയായ സുരക്ഷ പാലിച്ച് ജോലി ചെയ്യിക്കാം. എന്നാല്‍ ഹൈ റിസ്‌ക്, വെരി ഹൈ റിസ്‌ക് പ്രദേശങ്ങളില്‍ വീട്ടിലിരുന്ന് ജോലിചെയ്യുന്ന സ്ഥിതിതന്നെ വേണം. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് കര്‍ഷകര്‍ക്ക് വിളവെടുപ്പിനുള്ള സാഹചര്യം ഒരുക്കണം. വിളവെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ സുഗമമായി എത്തിക്കാന്‍ അന്തര്‍സംസ്ഥാന പാതകള്‍ തുറക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."