HOME
DETAILS
MAL
കൊവിഡ് 19: ബഹ്റൈനില്‍ പുതിയ 55 രോഗികള്‍; 41 പേരും പ്രവാസികള്‍
backup
April 09 2020 | 03:04 AM
മനാമ: ബഹ്റൈനില്‍ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം 70 വയസുള്ള ഒരു ബഹ്റൈന്‍ പൗരന്‍കൂടി മരിച്ചതോടെയാണ് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം അഞ്ചായത്.
അതിനിടെ കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ 55 രോഗബാധിതരില്‍ 41 പേരും പ്രവാസി തൊഴിലാളികളാണ്.ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളുള്പ്പെടുന്ന ഇവരില്‍ മലയാളികളുണ്ടോയെന്നത് വ്യക്തമല്ല. അതേ സമയം 41 പേരും ഹിദ്ദ് മേഖലയിലെ പ്രവാസികളാണെന്ന് വ്യക്തമായിട്ടുണ്ട്. ഹിദ്ദില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് നേരത്തെ മെഡിക്കല്‍ സംഘം പരിശോധന നടത്തിയിരുന്നു.
ലബോറട്ടറി പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഇവരെയെല്ലാം ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 349 ആണ്. ഇതില്‍ മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇതിനകം 467 പേര് അസുഖം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അധികൃതര്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണവും ബോധവത്കരണവും തുടരുന്നതോടൊപ്പം രാജ്യത്ത് പല ഭാഗത്തും പൊതുയിടങ്ങളില്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."