എം.പി ഫണ്ട് റദ്ദാക്കല്‍ തീരുമാനം പുനഃപരിശോധിക്കണം : പി.കെ കുഞ്ഞാലിക്കുട്ടി
ചെറുതും പെട്ടെന്ന് നടപ്പാക്കാനുള്ളതുമായ വികസന പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണ് എം.പി ഫണ്ട് രണ്ട് വര്‍ഷത്തേക്ക് റദ്ദാക്കിയുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മണ്ഡലങ്ങളുടെ വികസന ആവശ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ചെറുതെങ്കിലും എം.പിമാര്‍ക്ക് അനുവദിക്കാന്‍ കഴിയുന്ന ഏക ഫണ്ടാണിത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധ പതിയാതെ പോവുന്ന തങ്ങളുടെ മണ്ഡലങ്ങളിലെ മേഖലകളില്‍ അടിയന്തരമായി ഫണ്ട് അനുവദിക്കാന്‍ കഴിയുന്ന തരത്തിലാണ് എം.പിലാഡ്‌സ് സംവിധാനം ചെയ്തിരിക്കുന്നത്. താനടക്കമുള്ള എം.പിമാര്‍ കൊറോണ മഹാമാരി പ്രതിരോധ പ്രവര്‍ത്തികള്‍ക്കായി നിലവില്‍ എം.പിലാഡ്‌സില്‍ നിന്ന് കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടുണ്ട്. ഏകാധിപത്യസ്വഭാവമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. തീരുമാനം പുനഃപരിശോധിക്കണം. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. പ്രതിപക്ഷം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുമായി എല്ലാതരത്തിലുള്ള സഹകരണം ഉറപ്പാക്കുന്നുണ്ട്.
എന്നാല്‍ കേരള സര്‍ക്കാരിന്റെ നിലപാടിലും ഇത്തരമൊരു ഏകാധിപത്യ സമീപനം കാണുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്വരൂപിക്കുന്ന ഫണ്ട് കൊവിഡ് പ്രതിരോധത്തിനാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് പണമനുവദിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. അതിന് പകരം അവര്‍ക്ക് ഫണ്ട് നല്‍കാതെ ചുമതലകള്‍ വീതിച്ചു കൊടുക്കുന്ന പണിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിന് സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഒരു പാരമ്പര്യമുണ്ട്. പ്രളയകാലവും നമ്മള്‍ അതിജീവിച്ചത് അങ്ങനെയാണ്. സന്നദ്ധപ്രവര്‍ത്തനമേ പാടില്ല എന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
അവകാശത്തിന്മേലുള്ള
കടന്നുകയറ്റം
എന്‍.കെ പ്രേമചന്ദ്രന്‍
എം.പി ഫണ്ട് വെട്ടിക്കുറച്ച നടപടി ജനാധിപത്യ വിരുദ്ധവും പാര്‍ലമെന്റ് അംഗങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
കൊവിഡിന്റെ മറവില്‍ സാമ്പത്തിക പ്രതിസന്ധിയുടെ അതിജീവന മാര്‍ഗമാണ് എം.പി ഫണ്ട് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തലാക്കാനുള്ള തീരുമാനം. ഇതുവഴി ഏഴായിരത്തി തൊള്ളായിരം കോടി സമാഹരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ആത്യന്തികമായ ലക്ഷ്യം.
പാര്‍ലമെന്റിനെയും എം.പിമാരെയും വിശ്വാസത്തിലെടുക്കാതെയുള്ള ഫണ്ടിന്റെ രണ്ടു വര്‍ഷത്തെ വിലക്ക് ന്യായീകരിക്കാവുന്നതല്ല. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിനിയോഗിക്കാന്‍ കഴിയുന്ന ഫണ്ടാണിത്. ഞാന്‍ തന്നെ 2.65 കോടി രൂപ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്.
ഫണ്ട് വിലക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ സഞ്ചിത നിധിയിലേക്ക് പോകുന്ന ഫണ്ട് വിനിയോഗിക്കാന്‍ സര്‍ക്കാരിന് വിവേചനാധികാരമുണ്ട്.
തുല്യതാ ബോധത്തോടെ ഇത് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് ഒരു ഉറപ്പുമില്ല. കേരളത്തിനാകട്ടെ 290 കോടിയാണ് നഷ്ടം വരുക. ഏഴായിരത്തി തൊള്ളായിരം കോടി രൂപ സമാഹരിച്ച് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കാനുള്ള നടപടിയല്ലിത്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുന്ന ഇത്തരം നടപടികളെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല.
ആ ഫണ്ട്
നമുക്ക് വേണം
രാജ്‌മോഹന്‍ ഉണ്ണിത്താന്‍
എം.പിലാഡ്‌സ് പദ്ധതിക്കെതിരേയുള്ള പരാതികള്‍ അല്‍പം സൂക്ഷമമായി പരിശോധിച്ചാല്‍ അവ ബാലിശമാണെന്ന് മനസിലാകും. അഴിമതിക്ക് വളംവയ്ക്കുന്നുവെന്നാണ് പ്രധാന ആരോപണം. എന്നാല്‍ തന്റെ മണ്ഡലത്തിലെ വികസന പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതില്‍ കവിഞ്ഞു ഈ പദ്ധതിയുടെ നിര്‍വഹണത്തില്‍ എം.പിക്ക് കാര്യമായ പങ്കില്ല എന്നതാണ് സത്യം. പദ്ധതി നടപ്പിലാക്കുന്നത് ജില്ലാ കലക്ടറും ജില്ല പ്ലാനിങ് ഓഫിസറും അടക്കമുള്ള ഉദ്യോഗസ്ഥരാണ്.
പദ്ധതി നിര്‍വഹണത്തെ സംബന്ധിച്ച് ഈ പദ്ധതിയുടെ നോഡല്‍ ഡിപ്പാര്‍ട്‌മെന്റായ കേന്ദ്രത്തിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇമ്പ്‌ലിമെന്റഷന്‍ വകുപ്പ് വ്യക്തവും ദീര്‍ഘവുമായ മാര്‍ഗരേഖ നല്‍കിയിട്ടുണ്ട്. ഇത് ലംഘിച്ച് പദ്ധതി നിര്‍വഹണം സാധ്യമല്ല. മാത്രമല്ല നിഷ്പക്ഷമായ ഓഡിറ്റ് സംവിധാനത്തിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ അഴിമതി നടക്കാനുള്ള സാധ്യത വിരളമാണ്.
സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകളുടെ വികസന നയം പലപ്പോഴും പ്രാദേശിക അസന്തുലിതാവസ്ഥക്ക് കരണമാകാറുണ്ട്. എന്നാല്‍ എം.പിലാഡ്‌സ് പോലുള്ള പദ്ധതികള്‍ ഇത്തരം അസന്തുലിതാവസ്ഥ ഒരു ചെറിയ പരിധിവരെയെങ്കിലും ഇല്ലാതാക്കും. മിക്ക എം.പിമാരും തങ്ങളുടെ മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും പഞ്ചായത്തിലും വരെ തുല്യമായി എത്തുന്ന രീതിയിലാണ് ഫണ്ട് അനുവദിക്കാറുള്ളത്. എന്റെ മണ്ഡലമായ കാസര്‍കോട് ഈ രീതിയിലാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഇത് ഒരു തരത്തില്‍ വികേന്ദ്രീകൃതവും സന്തുലിതവുമായ വികസന സമീപനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."