പി.പി.ഇകളുടെയും മാസ്‌ക്കുകളുടെയും കുറവുനികത്താന്‍ ശ്രമം
കൊച്ചി: കൊവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായകഘട്ടത്തിലാണ് കേരളമിപ്പോള്‍. ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ രോഗവ്യാപനത്തിന്റെ അടുത്തഘട്ടത്തെ സംബന്ധിച്ച് ആരോഗ്യമേഖല ആശങ്കയിലാണ്. പ്രധാന പ്രശ്‌നമായ പി.പി.ഇകളും (പേഴ്‌സനല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റ്) എന്‍ 95 മാസ്‌ക്കുകളും വേണ്ടത്ര ഇല്ലെന്നത് സംസ്ഥാനത്തെ അലട്ടുന്നതാണ്.
കഴിഞ്ഞദിവസം 1.70 ലക്ഷം പി.പി.ഇകളാണ് ചൈനയില്‍ നിന്നുള്ള സഹായമായി ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ 27 ദശലക്ഷം എന്‍ 95 മാസ്‌ക്കുകളും 15 ദശലക്ഷം പി.പി.ഇകളുമാണ് ഇപ്പോള്‍ വേണ്ടത്. ഇത് വരുംമാസങ്ങളില്‍ വര്‍ധിച്ചേക്കാമെന്നാണ് കരുതുന്നത്. അതിന്റെ ഭാഗമായി സിംഗപ്പൂരില്‍ നിന്ന് പി.പി.ഇകളും മാസ്‌ക്കുകളുമുള്‍പ്പെടെ 80 ലക്ഷം യൂനിറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ നടപടി സ്വീകരിച്ചു. ഇതിന്റെ പ്രയോജനം സംസ്ഥാനത്തിനും ലഭിക്കുമെങ്കിലും അതിനു കാത്തുനില്‍ക്കാതെ മാസ്‌ക്കുകള്‍ സ്വന്തമായി നിര്‍മിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
തദ്ദേശീയമായി നിര്‍മിച്ച രണ്ടുലക്ഷവും ഇറക്കുമതി ചെയ്തതും ഉള്‍പ്പെടെ 22 ലക്ഷം എന്‍ 95 മാസ്‌ക്കുകളും ആവശ്യത്തിന് പി.പി.ഇകളുമുണ്ടെന്ന് കേന്ദ്രം പറയുമ്പോഴും കേരളത്തിനടക്കം ഇത് വേണ്ടത്ര ലഭ്യമായിട്ടില്ല. കൂടുതല്‍ പ്രതിരോധ ഉപകരണങ്ങള്‍ താരതമ്യേന കേസുകള്‍ കൂടുതലുള്ള കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കാണ് നല്‍കുന്നതെന്ന് കേന്ദ്രം അവകാശപ്പെടുന്നതിനിടെയാണ് ഈ അപര്യാപ്തത നില്‍ക്കുന്നതെന്ന് ആരോഗ്യമേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
ഗോഗിള്‍സ്, ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്, ഗൗണുകള്‍ (കവറോള്‍), കൈയുറ, ഷൂ കവര്‍ ഇത്രയുമടങ്ങുന്നതാണ് ഒരു പി.പി.ഇ. ആയിരം രൂപയോളമാണ് ഒരു യൂനിറ്റിന് വില. ഇത് ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാനാകൂ. ഇത്തരത്തില്‍ 21 ലക്ഷം യൂനിറ്റുകള്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ 11 കമ്പനികളെ കണ്ടെത്തി കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ നിലവില്‍ ദിവസേന മൂവായിരത്തോളം പി.പി.ഇകളാണ് വേണ്ടത്. ഇതിന്റെ ദൗര്‍ലഭ്യം പരിഹരിക്കാനായാണ് കേരളം ദക്ഷിണാഫ്രിക്കയെ അനുകരിച്ച് വാക്ക് ഇന്‍ സാമ്പിള്‍ കിയോസ്‌കുകള്‍ (ഡബ്ല്യു.ഐ.എസ്.കെ) സ്ഥാപിക്കാനാരംഭിച്ചത്.
ഇതില്‍ ചികിത്സകന് പി.പി.ഇ ആവശ്യമില്ല. അള്‍ട്രാവയലറ്റ് ലൈറ്റും കൈയുറയും എക്‌സോസ്റ്റ് ഫാനും ഉള്‍പ്പെടെയുള്ള കിയോസ്‌കുകള്‍ ഫലത്തില്‍ പി.പി.ഇയുടെ ഗുണം ചെയ്യുന്നതാണ്.
നിലവില്‍ കേന്ദ്ര സര്‍ക്കാരാണ് പി.പി.ഇകളും മറ്റും സംഭരിച്ച് രോഗവ്യാപനത്തോത് അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ മാത്രമാണ് ഇവ ഉപയോഗിക്കപ്പെടുന്നതെന്നതിനാല്‍ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷയില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നു.
അതിനിടെ, ലിനന്‍ ഗൗണുകളും ക്യാപും ഷൂ കവറുകളും പുനരുപയോഗിക്കാന്‍ ശ്രമം ആരംഭിച്ചതായി കേരളത്തിലെ ചില സ്വകാര്യ ആശുപത്രിവൃത്തങ്ങള്‍ പറയുന്നു. എന്‍ 95 മാസ്‌ക്കുകളും പുനരുപയോഗിക്കാനുള്ള ശ്രമം നടത്തുന്നു.
പ്രതിരോധ ഉപകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും സ്വകാര്യ ആശുപത്രികള്‍ക്ക് ലഭ്യമാക്കാത്തതിനാലാണ് തീരുമാനമെന്ന് അറിയുന്നു. ലിനന്‍ ഗൗണുകള്‍ 50 തവണയും മാസ്‌ക്കുകള്‍ 20 തവണയും ഉപയോഗിക്കാമെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."