ഇന്ത്യക്കാര്‍ക്കുവേണ്ട ഏല്ലാ സൗകര്യവും ഉറപ്പാക്കും: കുഞ്ഞാലിക്കുട്ടിയുടെ കത്തിന് സഊദി ഇന്ത്യന്‍ എംബസിയുടെ ഉറപ്പ്
മലപ്പുറം: കൊവിഡ്-19 വ്യാപനത്തിന്റെ അടിയന്തര പശ്ചാതലത്തില്‍ മുഴുവന്‍ ഇന്ത്യക്കാരുടെയും സുരക്ഷക്കും കരുതലിനും വേണ്ടനടപടികള്‍ ഊര്‍ജിതമായി നടപ്പാക്കുമെന്ന് സഊദിയിലെ ഇന്ത്യന്‍ എംബസി പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്ക് ഉറപ്പ് നല്‍കി. സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭക്ഷണം, താമസം, ചികിത്സ എന്നിവ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എം.പി നല്‍കിയ കത്തിനാണ് സൗദിയിലെ ഇന്ത്യന്‍ എംബസി രേഖാമൂലം മറുപടി നല്‍കിയത്.
ഇന്ത്യക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ടെന്നും എംബസി അറിയിച്ചു. ചികിത്സ സംബന്ധിച്ചും മരണപ്പെട്ടതിന് ശേഷമുള്ള തുടര്‍ നടപടികള്‍, രാജ്യംവിടുന്നതിനുള്ള സഹായം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി സഹായാഭ്യര്‍ത്ഥനകള്‍ ഈ ഹെല്‍പ് ലൈനില്‍ വഴി വരുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ എല്ലാ സഹായങ്ങളും എംബസി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ചെയ്യുന്നുണ്ടെന്നും എം.പിക്ക് നല്‍കിയ കത്തില്‍ വിശദമാക്കുന്നുണ്ട്.
കൗണ്‍ലിങ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിച്ച് വരുന്നുണ്ട്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ജോലിചെയ്യുന്ന എല്ലാ വലിയ കമ്പനികളുമായി ഇതിനോടകം ബന്ധപ്പെടുകയും ചികിത്സയും ഭക്ഷണവും താമസവും ഐസൊലേഷനുള്‍പ്പടെ വേണ്ട സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സ കഴിഞ്ഞ് ആസ്പത്രിവിടുന്ന ഇന്ത്യക്കാര്‍ക്ക് താമസസൗകര്യമൊരുക്കാന്‍ ഹോട്ടല്‍ ശൃംഖലകളുമായി ബന്ധപ്പെട്ട് സൗകര്യമൊരുക്കും. വിദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കടക്കം റേഷന്‍ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. സൗദി ഭരണകൂടവുമായി ചേര്‍ന്ന് കോവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘത്തെ തന്നെ രൂപീകരിച്ചിട്ടുണ്ട്.
കൊവിഡ് രോഗത്തിന് സര്‍ക്കാര്‍, സ്വകാര്യമേഖലയിലടക്കം സൗജന്യ ചികിത്സയാണ് സൗദിഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏപ്രില്‍ ഏഴ് മുതല്‍ സൗദിയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നിരുന്നാലും ഇന്ത്യന്‍ സമൂഹത്തിനുവേണ്ട എല്ലാ സഹയാങ്ങള്‍ക്കും എംബസി സുസജ്ജമാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എന്തെങ്കിലും സഹായം വേണമെന്ന് അറിയിക്കുന്ന പക്ഷം അത് യഥാസമയം നല്‍കുന്നതിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടിക്ക് എംബസി അധികൃതര്‍ ഉറപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."