മൂന്നാം വര്‍ഷവും വ്രതത്തിന്റെ മഹത്വമറിഞ്ഞ് ലക്ഷ്മി
പനമരം: തുടര്‍ച്ചയായി മൂന്ന് വര്‍ഷവും റമദാനിന്റെ പുണ്യം നുകര്‍ന്ന് പനമരം മാത്തൂര്‍വയലിലെ ലക്ഷ്മി.
നോമ്പ് എടുക്കുന്നത് വഴി ഒരു വര്‍ഷത്തേക്കുള്ള ഊര്‍ജ്ജമാണ് മനസിനും ശരിരത്തിനും ലഭിക്കുന്നതെന്ന് ലക്ഷ്മി പറയുന്നു. തമിഴ്നാട്ടിലെ മയാപുരം സ്വദേശിയായ ലക്ഷ്മി എട്ട് വര്‍ഷം മുമ്പ് ഇഷ്ടിക തൊഴിലാളിയായിട്ടാണ് കുടുംബവുമൊത്ത് പനമരത്ത് എത്തിയത്. തൊഴില്‍ മേഖലയില്‍ സഹപ്രവര്‍ത്തകരായ മുസ്ലിം സഹോദരങ്ങളാണ് കൂടുതല്‍. നോമ്പ് കാലത്തിന്റെ പുണ്യം അവര്‍ അനുഭവിക്കുന്നത് കണ്ടതോടെയാണ് എന്ത് കൊണ്ട് തനിക്കും നോമ്പ് എടുത്ത് കൂടെയെന്ന തോന്നല്‍ ലക്ഷ്മിക്ക് ഉണ്ടാകുന്നത്. ഒരു മാസം നോമ്പ് എടുത്തതോടെ ശരീരത്തിനും മനസിനും എന്തെന്നില്ലാത്ത ആനന്ദം ലഭിച്ചു. ചെറിയ അസുഖങ്ങള്‍ക്ക് ആശ്വാസവുമുണ്ടായി.
ഇതോടെ തുടര്‍ന്നുവന്ന രണ്ട് വര്‍ഷത്തെ നോമ്പുകള്‍ക്കും ലക്ഷ്മി മുടക്കം പറഞ്ഞില്ല. ബീനാച്ചിയില്‍ ആഴ്ചയില്‍ നടക്കുന്ന ദിക്റ് സദസിലും സ്ഥിര സാന്നിധ്യമാണ് ലക്ഷ്മി. ഇഷ്ടിക മേഖലയില്‍ ജോലിയില്ലാത്ത അവസരങ്ങളില്‍ പനമരത്തെ വീടുകളില്‍ ജോലിക്ക് പോവുകയാണ് പതിവ്. അപ്പോഴും നോമ്പ് മുടക്കാറില്ല. നോമ്പ് തുറന്നതിന് ശേഷമേ വീടുകളില്‍ നിന്ന് തിരികെ പോരൂ. അതിന് ശേഷമാണ് അത്താഴത്തിനുള്ള ഭക്ഷണം തയാറാക്കുന്നത്. നോമ്പ് കാലത്തെ സ്ത്രീകളുടെ ഒഴിവ് ദിവസങ്ങള്‍ സാധാരണ മുസ്ലിം സ്ത്രീകള്‍ ചെയ്യാറുള്ള പോലെ പെരുന്നാള്‍ കഴിഞ്ഞതിന് ശേഷം എടുത്ത് തീര്‍ക്കും. മതം ഏതായാലും നല്ല ആചാരങ്ങള്‍ മനുഷ്യര്‍ പിന്തുടരുന്നതില് യാതൊരു കുഴപ്പവുമില്ലെന്ന് ലക്ഷ്മി പറയുന്നു.
മയാപുരത്തെ തയ്യാന്‍-ഉദയം ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമത്തെ മകളാണ് ലക്ഷ്മി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പനമരത്ത് എത്തിയത് രണ്ട് മക്കളും ഭര്‍ത്താവിനോടൊപ്പമാണ്. ഇതിനിടയില്‍ ജോലി തേടി പോയ ഭര്‍ത്താവ് തിരികെ വന്നില്ല. സ്വന്തമായി ജോലി ചെയ്ത് ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ച് കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ മാത്തുരില് സ്വകാര്യ വ്യക്തിയുടെ ക്വട്ടേഴ്സിലാണ് താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."