മുഖ്യമന്ത്രിക്ക് വ്യാപാരി നേതാവയച്ച സങ്കടഹരജി വൈറലാകുന്നു
താമരശ്ശേരി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്കു വ്യാപാരി നേതാവയച്ച സങ്കടഹരജി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് പ്രസിഡന്റ് അമീര്‍ മുഹമ്മദ് ഷാജി അയച്ച ശബ്ദരേഖയാണ് വൈറലാകുന്നത്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ ഏറെ പ്രശംസിക്കുന്നതോടൊപ്പം കച്ചവടക്കാരുടെ ദയനീയാവസ്ഥ വരച്ചുകാട്ടുന്നതാണ് ഷാജിയുടെ വോയ്‌സ് ക്ലിപ്പ്. സംസ്ഥാനത്തെ തെരുവുപട്ടികള്‍ മുതല്‍ കുരങ്ങന്മാര്‍ക്കു വരെ സര്‍ക്കാര്‍ ആവുന്ന സഹായം ചെയ്തുകൊടുക്കുന്നു. അതിഥി തൊഴിലാളികളെയും തെരുവില്‍ ജീവിതം തളളിനീക്കുന്നവരെയുമൊക്കെ സര്‍ക്കാര്‍ കണ്ടറിഞ്ഞപ്പോഴും സംസ്ഥാത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്ന വ്യാപാരികളെ കാണാതെപോയത് അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നതിനു സമാനമാണെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
കച്ചവടം നടത്താന്‍ സാധിക്കാതെ അലമാരയിലും നിലത്തും ഗോഡൗണിലുമായി കിടക്കുന്ന സാധനങ്ങള്‍ ഉപയോഗശൂന്യമായി നശിച്ചുപോകുന്നതിലെ വേവലാതിയും സങ്കടവും ഏതൊരാളുടെയും കണ്ണുനിറയ്ക്കും. പലരും ഭാര്യമാരുടെ കെട്ടുതാലി വരെ പണയം വച്ചും വായ്പയെടുത്തുമാണ് കച്ചവടം നടത്തുന്നത്.
അതിന്റെ പലിശയും കൂട്ടുപലിശയും നാള്‍ക്കുനാള്‍ ഈ കൊവിഡ് കാലത്തും വര്‍ധിച്ചുവരുമ്പോള്‍ എങ്ങനെ അതു തിരിച്ചടയ്ക്കുമെന്ന വേവലാതിയും അദ്ദേഹം മുഖ്യമന്ത്രിയുമായി വോയ്‌സ് ക്ലിപ്പില്‍ പങ്കുവയ്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."