കൊവിഡിന്റെ സമൂഹവ്യാപനം തടയാന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍, വരും ദിവസങ്ങള്‍ നിര്‍ണായകം
ന്യൂഡല്‍ഹി: കൊവിഡ് -19 ന്റെ വ്യാപനം എത്രമാത്രം രാജ്യത്തെ പിടിച്ചുലയ്ക്കുമെന്ന് വരും ദിവസങ്ങളില്‍ അറിയാം. കൊവിഡിന്റെ കമ്യൂനിറ്റി ട്രാന്‍സ്മിഷന്‍ അഥവാ സമൂഹവ്യാപനം തടയാന്‍ സാധിക്കില്ല എന്നാണ് വിദഗ്ധരുടെ നിഗമനം. അതേസമയം, രാജ്യത്ത് സാമൂഹ്യവ്യാപനമില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാര്‍. അത് ഇന്നലെയും ആവര്‍ത്തിച്ചു. എന്നാല്‍ സാമൂഹിക വ്യാപനത്തിലേക്കെന്ന സൂചന നല്‍കി മഹാരാഷ്ട്രയിലും,ഡല്‍ഹിയിലും തമിഴ്‌നാട്ടിലും ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
രണ്ടു മാസം മുമ്പ് ചെറിയ രീതിയില്‍ ആരംഭിച്ച് ഇപ്പോള്‍ ഏഴായിരത്തിനടുത്ത് എത്തിയിരിക്കുകയാണ് കൊവിഡ് എന്ന മഹാമാരി. ചൈനയിലെ വുഹാനില്‍ പടര്‍ന്നു പിടിച്ചതിനു സമാനമായി വൈറസ് ഇന്ത്യയില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്നാണു വിദഗ്ധരുടെ അഭിപ്രായം. സമൂഹ വ്യാപനം തടയണമെങ്കില്‍ ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് മാത്രമല്ല കരുതലോടെ നീങ്ങേണ്ടതായും വരും. ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയോ ഇളവുകള്‍ നല്‍കുകയോ ചെയ്താല്‍ ഒരു സംസ്ഥാനത്തു നിന്നു കൂട്ടത്തോടെ മറ്റു സംസ്ഥാനങ്ങളിലേക്ക് ജനങ്ങളുടെ ഒഴുക്ക്തുടരും. ഇത് രോഗം വ്യാപിപ്പിക്കാന്‍ ഇടവരുത്തുമെന്നും ഇനിയുള്ള ദിവസങ്ങള്‍ കരുതലോടെ നീങ്ങണമെന്നും വിദഗ്ധര്‍ പറയുന്നു.
മറ്റിടങ്ങളെ അപേക്ഷിച്ച് കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇന്ത്യയില്‍ കുറവാണെങ്കിലും രോഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ രാജ്യം ഇനി നിര്‍ണായക ഘട്ടങ്ങളെയാണ് നേരിടാന്‍ പോകുന്നത്. രോഗം വ്യാപിച്ചു കഴിഞ്ഞ് ആരില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നു കണ്ടുപിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സമൂഹവ്യാപന അവസ്ഥ.
കൊവിഡ് -19 ന്റെ കാര്യത്തില്‍ ഇന്ത്യ സ്റ്റേജ് -2 അഥവാ ലോക്കല്‍ ട്രാന്‍സ്മിഷനില്‍ എത്തിക്കഴിഞ്ഞു. മൂന്നാം ഘട്ടത്തിലേക്ക് വൈറസ് പോകുന്നത് തടയാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.
ഇനിയുള്ള ഓരോ നാളും ഏവരും സ്വയം ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ചൈനയിലും ഇറ്റലിയിലും അമേരിക്കയിലും പടര്‍ന്ന പോലെ ക്രമാതീതമായി വ്യാപിക്കും. സ്റ്റേജ് മൂന്നിലും നാലിലും എത്തിനില്‍ക്കുന്ന പല രാജ്യങ്ങളിലും അസുഖം ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ഈ ഘട്ടങ്ങളില്‍ ഇരട്ടിയിലധികമായിരുന്നു. രോഗം പടരുന്നതില്‍ നാല് ഘട്ടങ്ങളാണ് ഉള്ളത്.
ഇതിലാദ്യത്തെ ഘട്ടമാണ് വിദേശത്തു നിന്ന് വന്നവരില്‍ മാത്രം രോഗം കണ്ടെത്തുന്ന അവസ്ഥ. രണ്ടാം ഘട്ടമാണ് വിദേശത്തു നിന്ന് വന്നവരുമായി ഇടപഴകിയവരില്‍ രോഗം കണ്ടെത്തുന്നത്. മൂന്നാം ഘട്ടമാണ് സമൂഹവ്യാപനം. ഏറ്റവും ഒടുവിലത്തെ ഘട്ടം അതീവഗുരുതരമാണ്. അനിയന്ത്രിതമായി രോഗം പൊട്ടിപ്പുറപ്പെടുന്ന അവസ്ഥയാണിത്.കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതൊഴിച്ചാല്‍ രാജ്യത്ത് മറ്റെവിടെയും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ മൂന്നില്‍ നിന്ന് ആയിരത്തിലേക്ക് രോഗികളുടെ എണ്ണം കൂടി. ആദ്യ കേസില്‍ നിന്ന് 100 കേസിലേക്കെത്താന്‍ രാജ്യത്ത് 44 ദിവസമെടുത്തെങ്കില്‍, 100ല്‍ നിന്ന് 500ലേക്ക് എത്താന്‍ പത്ത് ദിവസവും അഞ്ഞൂറില്‍ നിന്ന് ആയിരത്തിലേക്ക് എത്താന്‍ വെറും അഞ്ച് ദിവസവും മാത്രമാണ് എടുത്തത്.
രോഗനിര്‍ണയം നടത്താനും, സമൂഹവ്യാപനമുണ്ടോ എന്ന് കണ്ടെത്താനും പരമാവധി ടെസ്റ്റുകള്‍ നടത്തണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംശയം തോന്നുന്നവരെയെല്ലാം പരിശോധിച്ചാലല്ലാതെ രോഗവ്യാപനത്തിന്റെ ഏത് ഘട്ടത്തിലാണ് രാജ്യമെന്ന് കണ്ടെത്താനാകില്ല.
സാമൂഹ വ്യാപനം റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന് ഐ.സി.എം.ആര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡിന്റെ സാമൂഹിക വ്യാപനം ഉണ്ടായെന്ന് വെളിവാക്കുന്ന പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. ഫെബ്രുവരി 15നും ഏപ്രില്‍ രണ്ടിനുമിടയില്‍ 5,911 സാമ്പിളുകളാണ് ഐ.സി.എം.ആര്‍ പരിശോധിച്ചത്. ഇതില്‍ 104 എണ്ണം പോസിറ്റീവ് ആയിരുന്നു. 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളിലായി ഈ 104 പോസിറ്റീവ് കേസുകള്‍ വ്യാപിച്ച് കിടക്കുന്നത്.
ആദ്യഘട്ടത്തില്‍ ഐ.സി.എം.ആര്‍ നടത്തിയ പഠനത്തില്‍ സാമൂഹിക വ്യാപന സൂചനകളില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടാംഘട്ടത്തിലെ പഠനത്തില്‍ സാമൂഹിക വ്യാപന സാധ്യത വെളിവാക്കുന്ന പോസിറ്റീവ് കേസുകളാണ് കണ്ടെത്താന്‍ കഴിഞ്ഞത്. തീവ്രമായ ലക്ഷണങ്ങള്‍ കാണിക്കുന്നയാളുകളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയാണ് ഐ.സി.എം.ആര്‍ പഠനം നടത്തിയത്. മാര്‍ച്ച് 14ന് മുമ്പ് ഇത്തരത്തില്‍ ടെസ്റ്റിന് വിധേയമാക്കിയ ആരിലും പോസിറ്റീവ് കേസ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാര്‍ച്ച് 15നും 21നും ഇടയില്‍ 106പേരില്‍ നടത്തിയ പഠനത്തില്‍ 2 പേര്‍ക്കെ കോവിഡ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞുള്ളൂ.
പിന്നീട് ഓരോ ഘട്ടത്തിലും കേസുകളില്‍ വലിയ വര്‍ധനവാണുണ്ടായത്. മാര്‍ച്ച് 22നും മാര്‍ച്ച് 28നും ഇടയില്‍ 2,877 പേരില്‍ നടത്തിയ പഠനത്തില്‍ 48പേരില്‍ രോഗം സ്ഥിരീകരിച്ചു. മാര്‍ച്ച് 29നും ഏപ്രില്‍ 2നും 2,069 തീവ്രമായ രോഗലക്ഷണങ്ങളുള്ളവരില്‍ നടത്തിയ ടെസ്റ്റുകളില്‍ 54 എണ്ണം പോസിറ്റീവ് ആയിരുന്നു.
കൃത്യമായി പറഞ്ഞാല്‍ 5,911 തീവ്രരോഗലക്ഷണങ്ങളുള്ളവരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ അതില്‍ 104 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കാനായി.
ഇതില്‍ 40 കേസുകള്‍ക്ക് വിദേശ യാത്രാ ചരിത്രമോ വിദേശികളുമായോ സമ്പര്‍ക്കമോ ഇല്ല. 15 സംസ്ഥാനങ്ങളിലെ 36 ജില്ലകളില്‍ നിന്നാണ് ഈ 40 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 13 കേസുകള്‍ ഗുജറാത്തില്‍ നിന്നാണ്. തമിഴ്‌നാട് -5, മഹാരാഷ്ട്ര -21, കോരളം -1 എന്നിങ്ങനെ പോകുന്നു ഐ.സി.എം.ആര്‍ സാംപിളുകളിലുള്‍പ്പെട്ട സ്ഥിരീകരിച്ച സംസ്ഥാനങ്ങള്‍.
ഈ ജില്ലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് വേണം അടുത്ത ഘട്ടം പ്രവര്‍ത്തനം നടത്താന്‍. ഇതില്‍ രണ്ട് കേസുകള്‍ മാത്രമാണ് കൊവിഡ് പോസിറ്റീവ് ആയ ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിന്റെ ഭാഗമായി വന്നത്.
ഒരു കേസ് വിദേശയാത്ര ചെയ്തയാളുടേതായിരുന്നു ബാക്കി 59 കേസുകളുടെയും കൊവിഡ് സഞ്ചാര പഥം മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ഇതിനുള്ള ഉത്തരം ലഭിക്കാത്തതിനാല്‍ത്തന്നെ രാജ്യത്ത് കോവിഡ് പ്രതിരോധ നടപടികളില്‍ ഇനി ഏറ്റവും ശ്രദ്ധ നല്‍കേണ്ടത് രോഗം എവിടെ നിന്നു പകര്‍ന്നു എന്ന് സ്ഥിരീകരിക്കാത്ത ജില്ലകളിലാണെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു. ഇത് സാമൂഹിക വ്യാപനം എന്ന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."