ഐ.എന്‍.ടി.യു.സി നേതാവിന്റെ സ്ഥലം മാറ്റത്തിനു സ്റ്റേ
കണ്ണൂര്‍: സപ്ലൈകോ നാഷനല്‍ എംപ്ലോയിസ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന ജനറല്‍സെക്രട്ടറിയും ഐ.എന്‍.ടി.യു.സി സംസ്ഥാനകമ്മിറ്റി അംഗവുമായ ആര്‍ വിജയകുമാറിനെ മാനദണ്ഡം പാലിക്കാതെ സ്ഥലംമാറ്റിയ കോഴിക്കോട് സപ്ലൈകോ റീജനല്‍ മാനേജരുടെ നടപടിക്കു ഹൈക്കോടതിയുടെ താല്‍കാലിക സ്റ്റേ. സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ സര്‍ക്കുലര്‍ ഭേദഗതിയും തൊഴിലാളി യൂനിയന്‍ നേതാവെന്ന നിലയില്‍ തൊഴില്‍തര്‍ക്ക നിയമം ബാധകമാക്കിയ പൊതുമേഖലാ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരന്‍ എന്ന നിലയില്‍ ലഭിക്കേണ്ട പരിരക്ഷയും പാലിക്കാതെയാണു തന്നെ സ്ഥലംമാറ്റിയതെന്നു ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വിജയകുമാര്‍ ആരോപിച്ചിരുന്നു. സപ്ലൈകോ കാസര്‍കോട് ഡിപ്പോയില്‍ തന്നെ ജോലി തുടരാനാണു ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കിയത്. ആര്‍ വിജയകുമാറിനോടുള്ള മാനേജ്‌മെന്റിന്റെ പ്രതികാര നടപടി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ദേശീയസെക്രട്ടറി കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കെ.സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യൂനിയന്‍ പ്രവര്‍ത്തക സമിതി യോഗം പ്രതിഷേധിച്ചു. വി.വി ശശീന്ദ്രന്‍, പി.ജി രമണന്‍, സുഭാഷ മുഖത്തല, ഷാജി ജോസ്, മുഹമ്മദ് കൊടുവള്ളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."