പ്രവാസികളെ നാട്ടിലെത്തിക്കാൻ വിദേശ മന്ത്രാലയം അടിയന്തിരമായി ഇടപെടണം: കെഎംസിസി ബഹ്‌റൈൻ
മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാൻ വിദേശ മന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്ന് കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഓരോ ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണ് തങ്ങളുടെ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തൽ. സ്വന്തം നാട്ടിലായാലും മറു നാട്ടിലായാലും ഇന്ത്യൻ പൗരന്മാരുടെ ഭീതിയകറ്റാനുള്ള ബാധ്യത നാട്ടിലെ ഗവണ്മെന്റ്നുണ്ട്. മുൻകാലങ്ങളിൽ ഇത്തരം സന്നിഗ്ദ ഘട്ടങ്ങളിൽ സന്ദര്ഭത്തിനൊത്തു ഉയർന്നു പ്രവർത്തിച്ച പാരമ്പര്യമായിരുന്നു നമ്മുടെ ഭരണാധികാരികളുടെത്.
എന്നാൽ ഈ കോവിഡ് കാലത്ത് വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരുടെ കാര്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് ഇന്ത്യന്‍ ഭരണ കൂടം.
എല്ലാം സമൂഹ്യപ്രവർത്തകർ ചെയ്യട്ടെ എന്നു കരുതി കാഴ്ചക്കാരായി ഇരിക്കുകയാണ് വിദേശമന്ത്രാലയവും എംബസികളും. സാമൂഹ്യ പ്രവർത്തകരും കെഎംസിസി അടക്കമുള്ള സന്നദ്ധ സംഘടനകളും ചെയ്യുന്ന സേവന പ്രവർത്തനങ്ങളെ ഗൾഫ് രാജ്യങ്ങളിലെ അധികൃതർ പോലും അംഗീകരിക്കുമ്പോൾ ഒരു നല്ല വാക്ക് പറഞ്ഞു പ്രോത്സാഹിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി യോ മറ്റു ബന്ധപ്പെട്ടവരോ ഇതുവരെ തയ്യാറായിട്ടില്ല.
ഇതുകൊണ്ടെല്ലാം തന്നെ തങ്ങൾ രണ്ടാംതരം പൗരന്മാരാണോ എന്നു സംശയിച്ചു പോയാൽ പ്രവാസികളെ കുറ്റം പറയാനാവില്ല. ഭക്ഷണവും ജോലിയുമില്ലാതെ പ്രയാസം അനുഭവിക്കുന്ന ഗൾഫ് നാടുകളിലെ സഹോദരങ്ങള്‍ക്ക് അവിടെയുള്ള ഭരണാധികാരികൾ ഇളവുകൾ നല്‍കി- ദയാവായ്‌പ് കാണിക്കുന്പോഴും സ്വന്തം സര്‍ക്കാര്‍ പ്രവാസികളോട് ക്രൂരതയാണ് കാണിക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
പ്രവാസികളുടെ യാത്രപോലും തടസ്സപ്പെടുത്തുന്ന ഇന്ത്യ ഗവണ്മെന്റ് ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് അനുകൂലമായി എന്തു ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സാമൂഹ്യവ്യാപനം എന്ന ഭീതിയുടെ മൂന്നാം ഘട്ടത്തിലേക്ക് ഗള്ഫ് നാടുകൾ കടക്കുമ്പോൾ രോഗികൾക്കൊപ്പം ഒന്നിച്ചു റൂമിൽ കഴിയുന്നവരും ലേബർ ക്യാമ്പുകളിൽ തൊടാനുള്ള അകലം മാത്രമുള്ള ദൂരത്തിൽ കഴിയുന്നവരും പേടിയുടെ അന്തരീക്ഷത്തിൽ കഴിയുമ്പോൾ അടിയന്തിര പരിഹാരം ഗവണ്മെന്റ് കാണേണ്ടിയിരിക്കുന്നു.
രോഗ പകർച്ചയ്ക്ക് സാധ്യത ഉള്ള സാഹചര്യങ്ങളിൽ ജീവിക്കുന്നവരെ അവരുട ജന്മ നാട്ടിലെത്തിക്കാന്‍ ഇന്ത്യൻ വിദേശ മന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്നും ബഹ്‌റൈൻ കെഎംസിസി ആവശ്യപ്പെട്ടു.
വിദേശ മന്ത്രാലയം, ഇന്ത്യൻ കോണ്സുലേറ്റുകൾ തുടങ്ങിയവർ വശമുള്ള വിവിധ ഫണ്ടുകൾ ഈ ആവശ്യാർഥം ഉപയോഗിക്കാവുന്നതാണ്.
ലോക കേരള സഭയും പ്രവാസി കമ്മീഷനുമൊക്കെ നിലവിൽ വരുന്നതിനു മുമ്പേ ഗള്ഫ് നാടുകളിൽ സന്നദ്ധ സേവന പ്രവർത്തനം നടത്തുന്ന സംഘടനകളെയൊക്കെ മാറ്റി നിർത്തിയുള്ള മുഖ്യമന്ത്രി യുടെ വീഡിയോ കോണ്ഫറന്സ് വിമർശനം ക്ഷണിച്ചു വരുത്തിയതാണെന്നും ബഹ്‌റൈൻ കെഎംസിസി അഭിപ്രായപ്പെട്ടു.
എല്ലാവരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ പരിഹരിക്കേണ്ട ഈ ദുരന്തകാലത് മുഴുസമയ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ബഹ്‌റൈൻ കെഎംസിസി അടക്കമുള്ള സംഘടനകളെ മാറ്റി നിർത്തിയത് ശരിയായില്ലെന്നും ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങലും പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."