മധ്യപ്രദേശില്‍ ബി.ജെ.പിയ്ക്ക് സര്‍ക്കാരുണ്ടാക്കാനാണ് ലോക്ഡൗണ്‍ പ്രഖ്യാപനം വൈകിപ്പിച്ചത്: കമല്‍നാഥ്
ഭോപ്പാല്‍: രാജ്യവ്യാപകമായി കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള തീരുമാനം വൈകിപ്പിച്ചത് മധ്യപ്രദേശില്‍ ബി.ജെ.പിയ്ക്ക് അധികാരം സ്ഥാപിക്കാനാണെന്ന ആരോപണവുമായി മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്.
മാര്‍ച്ച് 20 നാണ് താന്‍ രാജിവെച്ചത്. എന്നാല്‍ മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാന് മാര്‍ച്ച് 23 ന് സത്യപ്രതിജ്ഞ ചെയ്യുംവരെ ലോക്ഡൗണ്‍ പ്രഖ്യാപനം ബി.ജെ.പി നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
കൊവിഡ് 19 രാജ്യത്ത് പ്രതിസന്ധിയുണ്ടാക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ രാഹുല്‍ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ അപ്പോഴും കേന്ദ്രം നടപടികള്‍ ഒന്നും സ്വീകരിച്ചില്ല.
കൊവിഡ് ഭീതിയെത്തുടര്‍ന്ന് നിരവധി സംസ്ഥാന നിയമസഭകള്‍ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ സമയത്ത് പോലും മധ്യപ്രദേശിലെ തന്റെ സര്‍ക്കാര്‍ താഴെ വീഴുന്നത് വരെ പാര്‍ലമെന്റ് സമ്മേളനം തുടര്‍ന്നു.
മുഖ്യമന്ത്രി എന്ന നിലയില്‍ കൊവിഡ് 19നെ പിടിച്ചുകെട്ടാന്‍ നിരവധി മാര്‍ഗങ്ങളാണ് അപ്പോള്‍ തന്നെ സ്വീകരിച്ചിരുന്നത്. മാര്‍ച്ച് എട്ടിന് തന്നെ സ്കൂളുകള്‍, മാളുകള്‍ തുടങ്ങിയവ അടച്ചിടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ആ സമയത്ത് ലോക്ഡൗണ്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
23 എം.എല്‍.എമാര്‍ ബി.ജെ.പിയ്ക്ക് ഒപ്പം ചേര്‍ന്നതോടെയാണ് ഭൂരിപക്ഷം നഷ്ടമായ കമല്‍നാഥ് സര്‍ക്കാരിന് രാജിവെക്കേണ്ടിവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."