ബത്ഹയിൽ നിർത്തിയിട്ടിരുന്ന കാറുകൾ കൊള്ളയടിച്ചു; പത്തോളം കാറുകളുടെ ചില്ല് തകർത്തു
റിയാദ്: ബത്ഹയിൽ നിർത്തിയിട്ട കാറുകളുടെ ചില്ലുകൾ തകർത്ത് മോഷണം. റിയാദ് ബാങ്കിനും പാരഗൺ റെസ്റ്റോറന്റിനും ഇടയിലുള്ള ഗല്ലിയിൽ നിർത്തിയിട്ട കാറുകളിലാണ് കള്ളന്മാരുടെ പരാക്രമം. പത്തോളം കാറുകളാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. കാറിന്റെ പിൻവശത്തെ ട്രയാംഗിൾ ഗ്ളാസ് തകർത്ത് ഡോർ ലോക്ക് നീക്കി കാർ തുറന്നാണ് കവർച്ച നടത്തിയിരിക്കുന്നത്. ബത്ഹയിലായതിനാൽ മലയാളികളുടെ കാറുകളാണ് കൂടുതലും കവർച്ചക്കിരയായത്. കയ്യിൽ കിട്ടിയതെല്ലാം കൊണ്ട് പോയതായി കാറുടമ കരുനാഗപ്പള്ളി സ്വദേശി ഷഫീഖ് പറഞ്ഞു. മൊബൈൽ ചാർജ്ജർ, പവർ ബാങ്ക്, ഫ്ളാഷ് മെമ്മറി തുടങ്ങിയ പലതും കള്ളന്മാർ കൊണ്ട് പോയിട്ടുണ്ട്. ഡാഷ് ബോർഡടക്കം കാറിന്റെ ഡിക്കിയടക്കം തുറന്ന് പരിശോധിച്ചിട്ടുണ്ട്. വിലപ്പിടിപ്പുള്ളതൊന്നും ഇല്ലാത്തതിനാൽ ആർക്കും കാര്യമായ നഷ്ടങ്ങൾ ഉണ്ടായില്ല. കർഫ്യൂ ആയതിനാൽ രാത്രിയിലും പകലുമെല്ലാം ബത്ഹയിൽ ആളുകൾ കുറവാണ്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ രാത്രിയിലായിരിക്കും
കവർച്ച നടന്നതെന്ന് കരുതപ്പെടുന്നു. കമ്പനികളും ഓഫീസും അടച്ചതിനാൽ പലരും റൂമിൽ തന്നെ കൂടിയതിനാൽ സംഭവം അറിയാൻ വൈകി. വാഹനങ്ങളിൽ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കരുതെന്നും ഇടക്ക് വാഹനം പരിശോധിക്കുന്നത് നല്ലതാണെന്നും ഷഫീഖ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."