ഒഡിഷ സ്വദേശിയുടെ മരണം; അസ്വാഭാവികതയില്ലെന്ന് പൊലിസ്
കണ്ണൂര്‍: കണ്ണൂര്‍ സ്പിന്നിങ് മില്ലില്‍ രണ്ടുമാസം മുമ്പ് ജോലിക്കെത്തിയ ഒഡിഷ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ്.
കക്കാട് അങ്ങാടിയിലെ കണ്ണാടിപ്പറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലെ വാടക ക്വാട്ടേഴ്സില്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഒഡിഷ സ്വദേശി മഖര്ദ്വജ് ഡിപ്പ് (45) എന്നയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ കണ്ണൂര്‍ ടൗണ്‍ എസ്.ഐ സിബീഷിന്റെ നേതൃത്വത്തില്‍ ക്വാര്‍ട്ടേഴ്സിലെ ഇരുപതോളം പേരെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലെത്തിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി.
മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും സ്വയം തൂങ്ങിമരിച്ചതാണെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്ന് ടൗണ്‍ എസ്.ഐ അറിയിച്ചു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ചവരെ പറഞ്ഞു വിടുകയായിരുന്നു. മൂന്നുനിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
നാലു മുറികളിലായി ഇരുപതോളം ഇതരസംസ്ഥാന തൊഴിലാളികളാണ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരുന്നത്. ഇന്നലെ രാവിലെ കൂടുതല്‍ പരിശോധനകള്‍ക്കു ശേഷമാണ് മൃതദേഹം ഇവിടെ നിന്നും മാറ്റിയത്. മൃതദേഹം കോയമ്പത്തൂരിലുള്ള മഖര്ദ്വജിന്റെ ബന്ധുക്കള്‍ എത്തി ഏറ്റു വാങ്ങി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."