മന്ത്രി പറഞ്ഞിട്ടും 'പിടിക്കാനാവാത്ത' പ്രതി മടിത്തട്ടില്‍ തന്നെയുണ്ടായിരുന്നു; സോഷ്യല്‍ മീഡിയയുടെ ചൂടറിഞ്ഞപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ പൊക്കി
കണ്ണൂര്‍: പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബി.ജെ.പി നേതാവ് പത്മനാഭനെ പിടികൂടിയത് സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമുയര്‍ന്നതോടെ. ഒരു മാസം മുന്‍പ് തന്നെ ഇതുമായി ബന്ധപ്പെട്ട പരാതി പൊലിസിന് നല്‍കിയെങ്കിലും പ്രതി ഒളിവിലാണെന്നായിരുന്നു പൊലിസിന്റെ ന്യായീകരണം. സ്വന്തം മണ്ഡലത്തില്‍ നടന്ന സംഭവത്തില്‍ ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയായ കെ.കെ ശൈലജ ടീച്ചര്‍ വിളിച്ചിട്ടു പോലും പ്രതിയെ പിടികൂടാന്‍ പൊലിസ് തയ്യാറായിരുന്നില്ല.
ദിവസങ്ങള്‍ക്ക് മുന്‍പ് ഡി.വൈ.എസ്.പി വേണുഗോപാലിനെ വിളിച്ചിരുന്നുവെന്നും അറസ്റ്റ് ചെയ്യാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്നും ശൈലജ ടീച്ചര്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. പ്രതി അറസ്റ്റിലായെന്നാണ് താന്‍ കരുതിയതെന്നും വീണ്ടും വിളിച്ചപ്പോള്‍, പ്രതി ഒളിവിലാണെന്ന മറുപടിയാണ് ഡി.വൈ.എസ്.പി നല്‍കിയതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളാ പൊലിസിനെ നാണം കെടുത്താനുള്ള നീക്കം നടത്തരുതെന്നും ഡി.വൈ.എസ്.പിക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ഉയര്‍ന്നത്. സി.പി.എമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ശൈലജ ടീച്ചര്‍ ലൈവില്‍ വരുന്നുണ്ടെന്നറിഞ്ഞപ്പോള്‍ അതിനു താഴെയും കമന്റിലൂടെ പ്രതിഷേധം അറിയിച്ചു. നൂറു കണക്കിന് പേര്‍ പ്രതികളെ പിടികൂടാത്ത പൊലിസ് നടപടിയെ ചോദ്യംചെയ്തു. ഹാഷ്ടാഗുകളും ഉയര്‍ന്നു. ഇതോടെയാണ് പൊലിസ് സമ്മര്‍ദത്തിലാവുന്നത്.
പരാതിക്കാരിയായ വിദ്യാര്‍ഥിനിയുടെ അധ്യാപകനും ബി.ജെ.പി പ്രാദേശിക നേതാവുമായ കടവത്തൂര്‍ കുറുങ്ങോട് കുനിയില്‍ പത്മനാഭന്‍ ഒളിവില്‍ പോയെന്നായിരുന്നു പൊലിസിന്റെ ഇതുവരെയുള്ള പ്രതികരണം. എന്നാല്‍ തൊട്ടടുത്ത് തന്നെ ഇയാളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതോടെ പൊലിസിന്റെ നിഷ്‌ക്രിയത്വം ചോദ്യംചെയ്ത് സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. പിന്നാലെ, ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പാനൂര്‍ പൊയിലിലെ ബന്ധു വീട്ടില്‍ നിന്ന് പത്മനാഭനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ബി.ജെ.പിയുടെ അധ്യാപക സംഘടന ജില്ലാ നേതാവ് കൂടിയാണ് പത്മനാഭന്‍. ഇക്കഴിഞ്ഞ 17നാണ് അധ്യാപകനെതിരെ പോക്‌സോ വകുപ്പ് ചുമത്തി പാനൂര്‍ പൊലിസ് കേസെടുത്തത്. പോക്‌സോ പ്രകാരം കേസെടുത്ത പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിന് പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനുള്ള ശ്രമമാണ് പൊലിസ് നടത്തിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. അറസ്റ്റ് വൈകുന്നതില്‍ പൊലിസിനെതിരെ മുസ്‌ലിം ലീഗും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രതിയെ പിടികൂടാത്ത സംഭവത്തില്‍ ശൈലജ ടീച്ചര്‍ ഇന്നലെ പ്രതികരിച്ചത്
''വളരെ സങ്കടകരമായ കേസാണിത്. ഈ കുട്ടിയെ ഇങ്ങനെ പീഡിപ്പിച്ചെന്നറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഡി.വൈ.എസ്.പി വേണുഗോപാലിനെ നേരിട്ടു വിളിച്ചിരുന്നു. അപ്പോള്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയുമായി ഡി.വൈ.എസ്.പിയുടെ മുന്‍പിലുണ്ടായിരുന്നു. അപ്പോള്‍ ഡി.വൈ.എസ്.പി പറഞ്ഞത്, ടീച്ചറെ എന്റെ മുന്നിലുണ്ട് രക്ഷിതാക്കള്‍, കുറ്റവാളിയെ ഒരു കാരണവശാലും വെറുതെ വിടില്ല. അയാളെ അറസ്റ്റ് ചെയ്യും. ഏറ്റവും നല്ല രീതിയില്‍ കേസ് മുന്നോട്ടുകൊണ്ടുപോകും എന്നാണ്.
ആ കുഞ്ഞിനെ ദ്രോഹിച്ചയാളെ, അത് ആരായാലും ശരി, അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് നിര്‍ദേശിച്ചു. ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ കൊറോണ വൈറസിന്റെ പ്രതിരോധവുമായിട്ട് രാവിലെ മുതല്‍ രാത്രി വരെ വ്യത്യസ്തങ്ങളായിട്ടുള്ള യോഗങ്ങളും ഇടപെടലുകളുമായി അതില്‍ മുഴുകിയിരിക്കുകയാണ്. ഞാന്‍ കരുതി അറസ്റ്റ് ചെയ്തിട്ടുണ്ടാവുമെന്ന്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, അവര്‍ പറഞ്ഞത്, ഇദ്ദേഹം ഒളിവില്‍ പോയെന്നാണ്.
ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. ഞാന്‍ മിനിഞ്ഞാന്ന് ഡി.ജി.പിയെ വിളിച്ചു. അടിയന്തരമായി അറസ്റ്റ് ചെയ്തില്ലെങ്കില്‍ അതൊരു വലിയ പ്രശ്‌നമാണെന്ന് ഞാന്‍ പറഞ്ഞു. അതുകൊണ്ട് വളരെ പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണം. ഡി.ജി.പി പറഞ്ഞു: രണ്ടു ദിവസത്തിനുള്ളില്‍ കണ്ടെത്തുമെന്നാണ് പറഞ്ഞത്.
ഇന്ന് ഞാന്‍ ഡി.വൈ.എസ്.പിയെ വീണ്ടും വിളിച്ചു. ഇങ്ങനെ രണ്ടു ദിവസം, രണ്ടു ദിവസം എന്ന് പറഞ്ഞ് പോവാനൊന്നും പറ്റില്ല. പ്രതി എവിടെ ഒളിവിലായാലും അറസ്റ്റ് ചെയ്യണം. വെറുതെ കേരളാ പൊലിസിനെ അപമാനിക്കരുത്. അതിലെ പ്രതിയെ ഇത്രയും നാള്‍ പിടിക്കാന്‍ കാത്തുനിന്നതെന്ന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഞാന്‍ പറഞ്ഞു.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."