വീണ്ടെടുപ്പിന്റെ വഴികള്‍ തേടണം
നിരവധി വെല്ലുവിളികളെ അതിജീവിച്ച ചരിത്രമാണ് മനുഷ്യര്‍ക്കുള്ളത്. ലോകത്തിലെ ആദ്യ മഹാമാരി ക്രിസ്തുവിന്റെ 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ നിന്നാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ചില ഘട്ടങ്ങളില്‍ പല നഗരങ്ങളും മഹാമാരികള്‍ നക്കിത്തുടച്ചുകൊണ്ടുപോയി. വിധിയെ പഴിച്ചു ഒരു ജനസമൂഹവും മാറി നിന്നില്ല. പ്രകൃതി ചുമത്തിയ നിയോഗങ്ങള്‍ പൂര്‍ത്തീകരിച്ച് നഗരങ്ങളും നിര്‍മാണങ്ങളും നിര്‍വഹിച്ചു മനുഷ്യര്‍ അതിജീവനം സാധിച്ചു. കൊറോണ പ്രതിസന്ധിക്ക് ശേഷം ഭരണകൂടങ്ങളും ജനങ്ങളും കൃത്യമായ ചില കരുതലുകള്‍ ആവിഷ്‌കരിക്കണം. പിറന്ന നാട്ടില്‍ പണിയില്ലാതെ പുറത്തുപോയി കഷ്ടപ്പെടുന്നവര്‍ ആപല്‍ഘട്ടം അഭിമുഖീകരിച്ചപ്പോള്‍ നമ്മുടെ ഭരണകൂടങ്ങള്‍ മനഃസാക്ഷിയില്ലാതെ അവരെ കൈയൊഴിഞ്ഞു. നില്‍ക്കുന്നിടത്ത് നിന്ന് സഞ്ചാര വകാശം തടഞ്ഞു. ഇരട്ടി ചാര്‍ജ്ജ് നല്‍കിയാലും ആകാശക്കപ്പല്‍ പറത്താന്‍ അധികാരികള്‍ അനുവദിച്ചില്ല. നിങ്ങളെ വേണ്ട, നിങ്ങളുടെ പണം മതി എന്ന് പറയാതെ പറഞ്ഞു.
വിഭവ സമ്പന്നമായ കേരളം തൊഴിലില്ലാ ഭൂമിയായി. പ്രതിസന്ധികള്‍ നിലനില്‍പ്പിന്റെ പാഠങ്ങള്‍ പറഞ്ഞു തരും. കോടിക്കണക്കിന് രൂപ നമ്മുടെ സമ്പദ്ഘടനക്ക് സംഭാവന നല്‍കുന്ന പ്രവാസികളുടെ ദീനരോദനങ്ങള്‍ ദയാപുരസരം കേള്‍ക്കാന്‍ കഴിഞ്ഞില്ല. നമ്മുടെ വിദ്യാഭ്യാസ രീതിയില്‍ തന്നെ സമൂല അഴിച്ചുപണി കാലം ആവശ്യപ്പെടുന്നുണ്ട്. തൊഴില്‍ ലഭ്യമല്ലാത്ത ഏതൊരു സാഹചര്യവും പട്ടിണിയുടെ പ്രതലം സജ്ജമാക്കും.
അമൂല്യങ്ങളായ ധാരാളം പ്രകൃതിവിഭവങ്ങളുടെ വിളനില ഭൂമിയാണ് ഭാരതം, പ്രത്യേകിച്ച് വിഭവ സമൃദ്ധിയില്‍ കേരളമാകട്ടെ ഒരു പടി മുന്നിലാണ്. എന്നാല്‍ ചില മേഖലകളില്‍ സൃഷ്ടിപരമായ പുരോഗതികള്‍ കൈവരിക്കാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. നാം ഇപ്പോഴും ഉപഭോഗ സംസ്ഥാനമാണെന്ന് ഊറ്റം കൊള്ളുകയാണോ? പരന്നുകിടക്കുന്ന പാഠങ്ങള്‍ അധികവും നികത്തി. ഫലഭൂയിഷ്ഠമായ മിക്കഭൂമിയും വിഷമയമാക്കി. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ പങ്കാളിത്തം ഏതാനും പ്രകൃതി വിഭവങ്ങളില്‍ ഒതുങ്ങി. വ്യാവസായിക, വാണിജ്യ മത്സരങ്ങളില്‍ ഭാരതത്തിന് ഓടിയെത്താന്‍ കഴിഞ്ഞില്ല. പ്രകൃതി വിഭവങ്ങളുപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി ലോക വിപണിയില്‍ ഇടപെടാന്‍ ഇന്ത്യയെ പോലെ സൗകര്യമുള്ള രാഷ്ട്രങ്ങള്‍ കുറവാണ്. കടല്‍, ആകാശ സഞ്ചാര പാതകള്‍, ആവശ്യമായ മനുഷ്യവിഭവശേഷി, പരന്നുകിടക്കുന്ന ഭൂവിസ്തൃതി, അനുഗ്രഹീതമായ കാലാവസ്ഥ തുടങ്ങിയവ പഠിച്ചും പരിശോധിച്ചും പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ അസ്ഥിരമായ ഭരണകൂടങ്ങള്‍ക്ക് സാധിക്കാതെ പോയി. നമ്മുടെ സിവില്‍ സര്‍വിസും ഉണര്‍ന്നു പ്രവര്‍ത്തിച്ചെന്ന് പറയാന്‍ കഴിയില്ല. കൊറോണയുടെ ശേഷം സ്വയം നിലനില്‍ക്കാന്‍ സ്വയം പ്രാപ്തമായില്ലെങ്കില്‍ അന്താരാഷ്ട്ര നാണയ നിധിയുടെ അധ്യക്ഷ പറഞ്ഞതുപോലെ പട്ടിണിയുടെ മഹാ കയത്തില്‍ അകപ്പെട്ടു പോകും.
കാല്‍ കോടിയിലധികം മലയാളികള്‍ വിവിധ ഗള്‍ഫ് നാടുകളില്‍ മാത്രം പണിയെടുക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി നോക്കിയിരുന്ന അനേക ലക്ഷം മലയാളികള്‍ ദേശീയ അടച്ചുപൂട്ടല്‍ നല്‍കിയ മാനസികാവസ്ഥ കാരണം കൂട്ടുകുടുംബങ്ങളോടൊപ്പം ശിഷ്ടകാലം ജീവിക്കാന്‍ വഴിയന്വേഷിക്കുന്നുണ്ട്. വലിയൊരു മനുഷ്യ പ്രവാഹം ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള പദ്ധതികള്‍ കേരളത്തില്‍ രൂപപ്പെടേണ്ടതുണ്ട്. ചെറുകിട, ഇടത്തരം വ്യാവസായിക യൂണിറ്റുകള്‍ക്ക് മുന്തിയ ഇടം ഒരുക്കണം. നമ്മുടെ ഓഫിസുകളില്‍ ഗ്രീന്‍ ചാനല്‍ സിസ്റ്റമുണ്ടെങ്കിലും ഫലത്തില്‍ ചുവപ്പുനാട പിടിമുറുക്കി തന്നെയാണ് നിലവിലുള്ളത്. വിദേശ തൊഴില്‍ സാധ്യത തള്ളിക്കളയേണ്ടതില്ല. എന്നാല്‍ ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങള്‍ അധിക സാധ്യത കല്‍പ്പിക്കപെടാനാവില്ല. ഇന്ത്യയില്‍ 7 കോടിയോളം വാണിജ്യ സ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്. ഗുണഭോക്താവിന്റെ കൈയില്‍ പണമുണ്ടായാലേ ഏത് മാര്‍ക്കറ്റും ചലിക്കുകയുള്ളൂ. ഓരോ അഞ്ചു വര്‍ഷങ്ങള്‍ കൂടുംതോറും തെരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ ഉത്സവം ആഘോഷമാക്കുന്നതിനുപുറമേ ഗൗരവ ദേശീയ - പ്രാദേശിക ചര്‍ച്ചകള്‍, സാമ്പത്തിക - കാര്‍ഷിക ചര്‍ച്ചകള്‍, തൊഴില്‍ സാധ്യതകള്‍ തുടങ്ങിയവ രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹങ്ങളും മാധ്യമങ്ങളും ഉയര്‍ത്തിക്കൊണ്ടുവരണം. മാറിയ ലോകസാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനും വളരാനും കരുത്തുള്ളതാണ് ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിത്തറ. പ്രത്യേകിച്ചും ഇന്ത്യ ഒരു കാര്‍ഷിക രാജ്യമായതിനാല്‍ നമ്മുടെ മുമ്പില്‍ വിശാലമായ സാധ്യതകള്‍ നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."