പ്രവർത്തകനായ പണ്ഡിതന്റെ വിയോഗം തീരാനഷ്‌ടം: സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി
റിയാദ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും ഇഖ്‌റ പബ്ലിക്കേഷന്‍ വൈസ് ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലമീന്‍ പ്രസിഡന്റും പഗത്ഭ പണ്ഡിതനുമായ ശൈഖുന സി കെ എം സ്വാദിഖ് മുസ്ല്യാരുടെ നിര്യാണം തീരാ നഷ്ടമാണെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ (എസ്‌ഐസി) സഊദി നാഷണൽ കമ്മിറ്റി അനുശോചിച്ചു. ശംസുൽ ഉലമയടക്കം പ്രഗത്ഭരായ പണ്ഡിതരുടെ ശിഷ്യനായി കേരളക്കരയിൽ പ്രവർത്തനമാരംഭിച്ച അദ്ദേഹത്തിന്റെ പ്രാഥമിക പ്രവർത്തന കേന്ദ്രം പാലക്കാടായിരുന്നു. ശൈഖുന മർഹൂം ഇ കെ ഹസൻ മുസ്‌ല്യാരുടെ കാർമികത്വത്തിൽ അധ്യാപനം ആരംഭിച്ച അദ്ദേഹം വിവിധ മഹല്ലുകളിലെ ഖാദിയും ആയിരക്കണക്കിന് ശിഷ്യ സമ്പത്തിന്റെ ഉടമയുമാണ്.
1941 ജനുവരി 14നു മണ്ണാര്‍ക്കാട് മുണ്ടേക്കരാട് ചെരടക്കുരിക്കള്‍ സൂപ്പി അഹമ്മദിന്റെയും ആമിനയുടെയും മകനായി ജനിച്ച അദ്ദേഹം അല്‍ മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകള്‍ എന്നീ മാസികകളുടെ പബ്ലിഷര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യുട്ടീവ് മെംബര്‍,സുന്നി മഹല്ല് ഫെഡറേഷന്‍ നിര്‍വാഹക സമിതി അംഗം, പാലക്കാട് ജില്ലാ സമസ്ത ജനറല്‍ സെക്രട്ടറി, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ്, എം.ഇ.എ എന്‍ജിനിയറിങ് കോളജ്, നന്തി ജാമിഅ ദാറുസ്സലാം എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് കമ്മിറ്റി അംഗം, ജാമിഅ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, ക്രസന്റ് ബോര്‍ഡിങ് മദ്‌റസ കണ്‍വീനര്‍, പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ്, മണ്ണാര്‍ക്കാട് ദാറുന്നജാത്ത് യതീംഖാന കമ്മിറ്റി, വല്ലപ്പുഴ എന്നീ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റ്, പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്, തലശ്ശേരി എം.എസ്.എ ബനാത്ത് യതീംഖാന, കോടനാട് സിദ്ദീഖുല്‍ അക്ബര്‍ ബനാത്ത് യതീംഖാന, കൊട്ടൂര്‍ക്കര നൂറുല്‍ ഹിദായ ഇസ്‌ലാമിക് സെന്റര്‍, കാരാകുര്‍ശ്ശി ദാറുത്തഖ്‌വ യതീംഖാന, അട്ടപ്പാടി ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്റര്‍ എന്നിവയുടെ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നതിനിടെയാണ് മരണം പുൽകിയത്. മർഹൂം ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ്. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യുത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സഹപാഠികളായിരുന്നു.
ശൈഖുനായുടെ നിര്യാണത്തിൽ അനുശോചിക്കുന്നതോടപ്പം സഊദിയിലെ വിവിധ പ്രവിശ്യ, സെൻട്രൽ, യൂണിറ്റ് കമ്മിറ്റികൾക്ക് കീഴിൽ പ്രത്യേക പ്രാർത്ഥനകൾ നടത്താനും മയ്യത്ത് നിസ്കാരം നിലവിലെ സാഹചര്യത്തിൽ ഓരോരുത്തരായി നിർവഹിക്കാനും ദേശീയ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂർ, ജനറൽ സിക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, ട്രഷറർ അബ്ദുൽ കരീം ബാഖവി പൊന്മള, വർക്കിങ് സിക്രട്ടറി അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ എന്നിവർ ആഹ്വാനം ചെയ്‌തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."