ഗള്‍ഫ് വ്യാപാരിയുടെ ഒന്നേ കാല്‍കോടി രൂപ തട്ടിയെടുത്തതായി പരാതി
കാസര്‍കോട്: ചെമ്മനാട് സ്വദേശിയായ ഗള്‍ഫ് വ്യാപാരിയുടെ ഒരു കോടി ഇരുപതുലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ഗുജറാത്ത് സ്വദേശികളായ രണ്ടു പേര്‍ക്കെതിരേ കാസര്‍കോട് ടൗണ്‍ പൊലിസ് കേസെടുത്തു. ചെമ്മനാട്ടെ അബ്ദുര്‍ റഷീദിന്റെ പരാതിയില്‍ ഗുജറാത്തിലെ ദാവോട് നവപുരയില് ദുര്ഹാനി മഹലില്‍ തിന്വാല മുഹമ്മദ് അബ്ദുല്‍ ഹുസൈന്, സഹോദരന് സിറാജ് ഹക്കീമുദ്ദീന്‍ പിറ്റോള്വാല എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
ദുബൈയില്‍ മൊബൈല്‍ കട നടത്തുന്ന അബ്ദുര്‍ റഷീദിനെ കൂടി പങ്കാളിയാക്കി ഗുജറാത്തില്‍ മൊബൈല്‍ ഹോള്‍സെയില്‍ ഷോപ്പ് തുടങ്ങാമെന്നു പറഞ്ഞു തിന്വാല മുഹമ്മദും സിറാജ് ഹക്കീമുദ്ദീനും അബ്ദുര്‍ റഷീദിനോട് വിശ്വാസവഞ്ചന കാണിച്ചുവെന്നാണ് പരാതി. ഷോപ്പ് തുടങ്ങുന്നതിനായി അബ്ദുര്‍ റഷീദ് ഒരു കോടിയോളം രൂപയുടെ മൊബൈല്‍ ഫോണുകള്‍ തന്റെ കടയില്‍ നിന്നു ഗുജറാത്ത് സ്വദേശികള്‍ക്ക് അയച്ചുകൊടുത്തിരുന്നു. ഇതിനുപുറമെ അബ്ദുര്‍ റഷീദ് കാസര്‍കോട്ടു വച്ച് 2015 ജൂലായ് 13ന് ഇവര്‍ക്ക് 20 ലക്ഷം രൂപ കൈമാറുകയും ചെയ്തു.
എന്നാല്‍ പിന്നീട് ഗുജറാത്തികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇവരെക്കുറിച്ച് അബ്ദുര്‍ റഷീദ് അന്വേഷണം നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. മാസങ്ങളായിട്ടും ഇവര്‍ ബന്ധപ്പെടാതിരുന്നതോടെയാണ് വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്. തുടര്‍ന്നു നാട്ടിലെത്തിയ ശേഷം റഷീദ് ഗുജറാത്ത് സ്വദേശികള്‍ക്കെതിരേ കഴിഞ്ഞ ദിവസം ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസിനു പരാതി നല്‍കുകയായിരുന്നു. പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് ടൗണ്‍ പൊലിസ് കേസെടുത്തത്. തിന്വാല മുഹമ്മദും സിറാജ് ഹക്കീമുദ്ദീനും അബ്ദുര്‍ റഷീദിന്റെ ദുബൈയിലെ മൊബൈല്‍ കടയില്‍നിന്നു ഫോണുകള്‍ വാങ്ങിയുള്ള ഇടപാടുകള്‍ മുമ്പ് നടത്തിയിരുന്നു. ഇടപാട് സത്യസന്ധമാക്കി വിശ്വാസം പിടിച്ചുപറ്റിയാണ് ഗുജറാത്തികള്‍ തട്ടിപ്പ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."