HOME
DETAILS
MAL
വൈറസ് എവിടെ നിന്നു വന്നു?
backup
April 17 2020 | 03:04 AM
വാഷിങ്ടണ്‍: ലോകമാകെ വ്യാപിക്കുകയും അമേരിക്കയടക്കമുള്ള രാജ്യങ്ങളെയെല്ലാം വന്‍ പ്രതിസന്ധിയിലേക്കു തള്ളിവിടുകയും ചെയ്ത കൊറോണ വൈറസ് വ്യാപനത്തില്‍ വീണ്ടും സംശയം പ്രകടിപ്പിച്ച് അമേരിക്ക. വൈറസ് ചൈനയിലെ ലാബില്‍ നിര്‍മിക്കപ്പെട്ടതാണെന്ന ആരോപണമാണ് അമേരിക്ക ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ അന്വേഷണം നടത്തുമെന്നും എവിടെനിന്നാണ് വൈറസ് ഉത്ഭവിച്ചതെന്നു കണ്ടെത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
ചൈനയ്‌ക്കെതിരേ ആരോപണവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയില്‍ വൈറസ് ബാധ നിയന്ത്രണാതീതമായി പടരുന്നതിനിടെയാണ് ട്രംപിന്റെ ഈ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. നേരത്തെ, വൈറസ് വ്യാപനം നിയന്ത്രിക്കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നാരോപിച്ചിരുന്ന ട്രംപ്, ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് അമേരിക്ക നിര്‍ത്തിവയ്ക്കുന്നതായും പ്രഖ്യാപിച്ചിരുന്നു.
ഈ തീരുമാനത്തോട് വിയോജിച്ച് ഐക്യരാഷ്ട്രസഭയും വിവിധ രാജ്യങ്ങളും രംഗത്തെത്തിയതിനു പിന്നാലെയാണ് ട്രംപ് ചൈനയ്‌ക്കെതിരേ ആരോപണം കടുപ്പിച്ചിരിക്കുന്നത്.
വൈറസ് വ്യാപനത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന പഠനം നടത്തിയില്ലെന്നും ചൈന പറയുന്നത് വിശ്വസിക്കുക മാത്രമാണ് സംഘടന ചെയ്തതെന്നും കഴിഞ്ഞ ദിവസം ട്രംപ് ആരോപിച്ചിരുന്നു.
ചൈനയിലെ വുഹാനിലെ ലാബില്‍ നിര്‍മിക്കപ്പെട്ടതാണ് വൈറസ് എന്ന ആരോപണമാണ് ഇപ്പോള്‍ അമേരിക്ക ഉയര്‍ത്തുന്നത്. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനു മുന്നറിയിപ്പ് നല്‍കുന്നതില്‍ ചൈനയും ലോകാരോഗ്യ സംഘടനയും പരാജയപ്പെട്ടതായി നേരത്തേയും ആരോപണമുയര്‍ന്നിരുന്നു.
ഇക്കാര്യത്തില്‍ പുകമറ സൃഷ്ടിക്കുന്നത് ചൈനീസ് സര്‍ക്കാര്‍ നിര്‍ത്തണമെന്നും യാഥാര്‍ഥ്യം പുറത്തുവിടണമെന്നുമാണ് മൈക് പോംപിയോ ആവശ്യപ്പെട്ടത്.
എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച് ചൈന രംഗത്തെത്തിയിട്ടുണ്ട്. ചൈനയില്‍ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം പുറത്തുവിട്ടത് ശരിയായ കണക്കല്ലെന്നും അമേരിക്ക ആരോപിക്കുന്നുണ്ട്. വൈറസ് ലാബില്‍നിന്നു നിര്‍മിച്ചെന്നതിനു തെളിവില്ലെന്നു ലോകാരോഗ്യ സംഘടനതന്നെ വ്യക്തമാക്കിയതാണെന്നാണ് ചൈനീസ് അധികൃതര്‍ വിശദീകരിക്കുന്നത്.
നേരത്തെയും സമാന വിഷയത്തില്‍ ചൈനയ്‌ക്കെതിരേ അമേരിക്ക രംഗത്തെത്തിയിരുന്നു. ചൈനീസ് വൈറസെന്നായിരുന്നു കൊറോണയെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്. ഇതു വിവാദമാകുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."