ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട്
കോഴിക്കോട്: നിപാ വൈറസ് വ്യാപനം തടയുന്നതിനു മാതൃകാപരവും അതുല്യവുമായ പ്രവര്‍ത്തനം കാഴ്ചവച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹം. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള മലയാളികളും ഇവരെ അഭിനന്ദിച്ച് രംഗത്തുവന്നു. ഇവരെ ആദരിക്കുന്നതിന് കോഴിക്കോട്ട് വിപുലമായ പൊതുയോഗം സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു.
ജീവന്‍ പണയംവച്ച് ഐസൊലേഷന്‍ വാര്‍ഡുകളില്‍ രോഗികളെ പരിചരിക്കുകയും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനും മറ്റും മുന്നില്‍ നില്‍ക്കുകയും അപകടകരമായ വൈറസ് ഭീതി എത്രയും വേഗത്തില്‍ ഇല്ലാതാക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്ത എല്ലാവരെയും ആദരിക്കുമെന്നു മന്ത്രി പറഞ്ഞു. ജില്ലയിലെ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ എം.എല്‍.എമാരായ എം.കെ മുനീര്‍, എ. പ്രദീപ്കുമാര്‍ എന്നിവര്‍ക്കാണ് പരിപാടിയുടെ മുഖ്യസംഘാടന ചുമതല.
ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും പരിപാടിയുടെ നടത്തിപ്പില്‍ പ്രധാന പങ്കുവഹിക്കും. നിപാ വൈറസ് വ്യാപനം തടയുന്നതിന് നിസ്തുല പ്രവര്‍ത്തനം നടത്തിയ ആരോഗ്യവകുപ്പിനെ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും അഭിനന്ദിച്ചു. കൂട്ടായ്മയുടെ വിജയമാണിതെന്ന് യോഗം വിലയിരുത്തി.
യോഗത്തില്‍ ആരോഗ്യവകുപ്പ് മന്ത്രിയെ കൂടാതെ തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍, ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പിമാരായ എം.കെ രാഘവന്‍, എം.ഐ ഷാനവാസ്, എം.എല്‍.എമാരായ എം.കെ മുനീര്‍, എ. പ്രദീപ്കുമാര്‍, സി.കെ നാണു, പുരുഷന്‍ കടലുണ്ടി, വി.കെ.സി മമ്മദ്‌കോയ, പാറക്കല്‍ അബ്ദുല്ല, കെ. ദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ. സജിത്ത് കുമാര്‍, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ജി. അരുണ്‍കുമാര്‍, എ.ഡി.എം ടി. ജനില്‍കുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."