രണ്ട് മണിക്കൂറിനിടെ എം.സി റോഡില്‍ മൂന്ന് അപകടങ്ങള്‍
ഏറ്റുമാനൂര്‍: ഞായറാഴ്ച രാവിലെ കനത്ത മഴയ്ക്കിടെ എം.സി.റോഡില്‍ ഉണ്ടായ മൂന്ന് അപകടങ്ങളില്‍ ഒരു മരണം. ഏഴ് പേര്‍ക്ക് പരിക്ക്. കുര്യനാടിനും മീങ്കുന്നത്തിനും ഇടയില്‍ 20 കിലോമീറ്ററിനുള്ളില്‍ ഉണ്ടായ മൂന്ന് അപകടങ്ങളാകട്ടെ രണ്ട് മണിക്കൂറിനുള്ളിലും.
കുറവിലങ്ങാടിനും മോനിപ്പള്ളിയ്ക്കും മധ്യേ കുര്യനാട് ടെമ്പോ ട്രാവലറും ഓട്ടോയും ഇടിച്ച് പത്ത് അടി താഴ്ചയിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുര്യനാട് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ വാക്കാട് വട്ടിയന്തുങ്കല്‍ നീലകണ്ഠന്റെ മകന്‍ ബാബു എന്ന വി.എന്‍ റജിമോന്‍ (47) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതര മണിയോടെ എം.സി.റോഡില്‍ കുര്യനാട് കവലയ്ക്കു സമീപം മുണ്ടിയാനിപ്പറമ്പ് വളവിലായിരുന്നു അപകടം. വാന്‍ ഡ്രൈവര്‍ ജെയ്‌സണ്‍, കൂടെയുണ്ടായിരുന്ന ബിബിന്‍ എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചീങ്കല്ലേല്‍ പളളിയില്‍ യാത്രക്കാരെ ഇറക്കിയശേഷം കുര്യനാട്ടേക്ക് തിരികെ വരികയായിരുന്നു റജിമോന്‍. ഈ സമയം കുറവിലങ്ങാട് ഭാഗത്തു നിന്നും തെറ്റായ ദിശയില്‍ വളവ് തിരിഞ്ഞ് വന്ന ടെമ്പോ ട്രാവലര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡില്‍ നിന്നും തൊട്ടു ചേര്‍ന്ന് താഴെയുള്ള പറമ്പിലേക്ക് തെറിച്ചു പോകുകയായിരുന്നു. റോഡില്‍ വട്ടം തിരിഞ്ഞ വാന്‍ ഓട്ടോയുടെ പിന്നാലെയും ഉരുണ്ട് മറിഞ്ഞ് താഴോട്ടു വീണു. മൂവരെയും പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചെങ്കിലും റെജിമോന്റെ ജീവന്‍ രക്ഷിക്കാനായില്ല. കനത്ത മഴയില്‍ റോഡിലെ ടാര്‍ ചെയ്ത ഭാഗത്തുനിന്നും തെന്നി വാനിന്റെ നിയന്ത്രണം വിട്ടതാണെന്ന് പോലീസ് പറഞ്ഞു. മീങ്കുന്നത്തിന് സമീപം ആറൂര്‍ ടോപ്പില്‍ നിയന്ത്രണം വിട്ട കാര്‍ കുന്നിന്‍പ്രദേശത്തേക്ക് ഇടിച്ചുകയറി മറിഞ്ഞതായിരുന്നു ആദ്യ അപകടം.
രാവിലെ 7.30 മണിയോടെ ഉണ്ടായ അപകടത്തില്‍ കയനാട് ആലയ്ക്കല്‍ ജോബിന്‍ ജോയ്‌സ് (29), പാറേക്കുടി ജോബിന്‍ ടി.കെ.(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരു വിവാഹചടങ്ങില്‍ ഫോട്ടോ എടുക്കുന്നതിന് പോയ ഫോട്ടോഗ്രാഫര്‍മാരാണ് ഇരുവരും. കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇറക്കം ഇറങ്ങവെ നിയന്ത്രണം വിട്ട് റോഡിന്റെ ഇടതുവശത്തെ ദിശാ ബോര്‍ഡുകളില്‍ തട്ടി ഓടയിലും തുടര്‍ന്ന് സോളാര്‍ ലൈറ്റിന്റെ പോസ്റ്റിലും ഇടിക്കുകയായിരുന്നു.
തകര്‍ന്ന പോസ്റ്റിനു മുകളിലൂടെ റോഡരികിലെ കുന്നിന്‍മുകളിലേക്ക് പന്ത്രണ്ട് അടിയോളം ഉയരത്തില്‍ ഓടി കയറിയ കാര്‍ അവിടെനിന്നും താഴെ വീണു. അപകടത്തില്‍ കാര്‍ നിശേഷം തകര്‍ന്നു. ഓടികൂടിയ നാട്ടുകാര്‍ ഇരുവരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോനിപ്പള്ളി അരിവാവളവില്‍ കനത്ത മഴയില്‍ കാര്‍ റോഡില്‍ നിന്നും തെന്നിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
രാവിലെ 8.45 മണിയോടെ ഉണ്ടായ അപകടത്തില്‍ മോനിപ്പള്ളി പാലക്കപ്രായില്‍ ജിന്‍സ് (27), സഹോദരന്‍ ജിബിന്‍ (24), ഇവരുടെ വല്യമ്മ മറിയക്കുട്ടി (85) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മറിയക്കുട്ടിയെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദിശാ ബോര്‍ഡില്‍ തട്ടിയ കാര്‍ ഓടയിലേക്ക് വീണ് കറങ്ങി. ഈ സമയം കാറിന്റെ ഡോര്‍ തുറന്ന് പോകുകയും മറിയക്കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."