കൊവിഡ് പ്രതിസന്ധി; സ്വകാര്യ മേഖലയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ നടപടി
ജിദ്ദ: സഊദിയിൽ കൊവിഡ് പ്രതിസന്ധി മൂലം സ്വകാര്യ മേഖലയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ തീരുമാനങ്ങളെടുക്കുമെന്ന് സഊദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. കരുതല്‍ ധനം കോവിഡ് സാഹചര്യത്തെ നേരിടാന്‍ രാജ്യത്തെ പ്രാപ്തമാക്കി. കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ നിലവിലെ സ്ഥിതി വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സഊദി അറേബ്യയിലെ സ്വദേശികളുടേയും വിദേശികളുടേയും ജോലികള്‍ കൊവിഡ് പശ്ചാത്തലത്തില്‍ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന. ഇത് കണക്കാക്കി കൂടുതല്‍ സാമ്പത്തിക നടപടികള്‍ സ്ഥിതിഗതികള്‍ നോക്കി തീരുമാനിക്കും.
സ്വകാര്യ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളെ സഹായിക്കാനുള്ള കൂടുതല്‍ നടപടികള്‍ രാജ്യത്ത് സാമ്പത്തിക നടപടികള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കുന്ന സമയത്തുണ്ടാകും. സ്വകാര്യ മേഖലയിലാണ് കൊവിഡ് ഏറ്റവും വലിയ പ്രത്യാഘാതമുണ്ടാക്കിയത്. ചെറുകിട മധ്യ നിലവാരത്തിലുള്ള സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ നിലവില്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 47 ബില്യണ്‍ ഡോളര്‍ ഇതിനകം കൊവിഡ് പ്രതിരോധത്തിന് ആരോഗ്യ മന്ത്രാലയത്തിന് മാത്രം നല്‍കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനക്കും സമാന രീതിയില്‍ സഹായം നല്‍കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ കൊവിഡ് പ്രതിസന്ധി മാസങ്ങളോളം തുടരുമെന്നും ഈ വര്‍ഷാവസാനം വരെ നീണ്ടേക്കാമെന്നും ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ അഭിപ്രായപ്പെട്ടു.
സ്വകാര്യമേഖല പ്രതിസന്ധിയിലായതും എണ്ണ വിലയില്‍ ഇടിവുണ്ടായതും കാരണം രാജ്യത്തിന്റെ വരുമാനത്തില്‍ കുറവുണ്ടാകും. ഈ വെല്ലുവിളിയെ നേരിടാന്‍ ചെലവുചുരുക്കല്‍ നടപ്പാക്കുമെന്നും ഈ വര്‍ഷം പ്രഖ്യാപിച്ച പല പദ്ധതികളും നിര്‍ത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം, സ്‌പോര്‍ട്‌സ്, വിനോദ പരിപാടികള്‍, ഔദ്യോഗിക വിദേശയാത്രകള്‍ എന്നിവക്ക് അനുവദിച്ച പണം വെട്ടിക്കുറക്കും. നിലവില്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മറ്റു ഏതൊക്കെ മേഖലകളില്‍ ചെലവു ചുരുക്കണമെന്നത് പിന്നീട് തീരുമാനിക്കും.
അതേ സമയം കൊവിഡിനെ നേരിടാവശ്യമായ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് കാരണം അടഞ്ഞുകിടക്കുന്ന സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ പഠനം നടത്തിവരികയാണ്. വ്യവസായ, നിര്‍മാണ മേഖലകള്‍ക്ക് ഇളവു നല്‍കുമ്പോള്‍ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മൊത്ത, ചില്ലറ വിപണന മേഖലയും തുറക്കേണ്ടിവരും. എന്നാല്‍ മാത്രമേ അതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ഉപകാരമുണ്ടാകൂ. വിദേശികളുടെ ലെവിയടക്കമുള്ള വിവിധ ഫീസുകള്‍ ഒഴിവാക്കുകയോ അവ അടക്കുന്നതിന് കാലാവധി നീട്ടിനല്‍കുകയോ ചെയ്യുന്നതടക്കമുള്ള കാര്യങ്ങളും പരിഗണനയിലാണ്. പല ഫീസുകളും അടക്കുന്നത് നിലവില്‍ മൂന്നു മാസത്തേക്ക് നീട്ടി നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ആറോ ഒമ്പതോ മാസമോ ഒരു വര്‍ഷമോ നീട്ടി നല്‍കും. അല്ലെങ്കില്‍ സാഹചര്യത്തിനനുസരിച്ച് ഒഴിവാക്കി നല്‍കും. സര്‍ക്കാര്‍, സ്വകാര്യമേഖല കൊവിഡ് പ്രതിരോധ രംഗത്ത് ഒത്തൊരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."