HOME
DETAILS
MAL
മാസപ്പിറവി നിര്‍ണയം: മുജാഹിദുകള്‍ക്കിടയില്‍ ഭിന്നത
backup
April 23 2020 | 02:04 AM
കോഴിക്കോട്: മുജാഹിദ് ഔദ്യോഗിക വിഭാഗം നാളെ വെള്ളിയാഴ്ച കേരളത്തില്‍ റമദാന് വ്രതം ആരംഭിക്കുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി മുജാഹിദ് വിസ്ഡം വിഭാഗം രംഗത്ത്. മുന്‍കാലങ്ങളില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാര്‍ തുടങ്ങിയവര്‍ മാസം ഉറപ്പിച്ചതിനോട് യോജിച്ചായിരുന്നു അവരും ഉറപ്പിച്ചിരുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി മറ്റു മുസ്ലിം സംഘടനകളും മാസപ്പിറവി വിഷയത്തില്‍ മുഖ്യധാരയില്‍നിന്ന് വിഘടിച്ച് നില്‍ക്കാറില്ല. എന്നാല്‍ കെ.എന്‍.എം ജനറല്‍ സെക്രട്ടറി ഇത്തവണ യാതൊരു കൂടിയാലോചനയും ഇല്ലാതെ റമദാന് ഒന്ന് വെള്ളിയാഴ്ച ആയിരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം മുജാഹിദ് വിസ്ഡം ഗ്രൂപ്പ് ഇതിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് മാസപ്പിറവി ദര്‍ശിച്ചാല്‍ വെള്ളിയാഴ്ചയും ഇല്ലെങ്കില്‍ ശനിയാഴ്ചയും ആയിരിക്കും വ്രതാരംഭം കുറിക്കുക എന്ന് അവര്‍ വ്യക്തമാക്കി. മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന് സൂക്ഷ്മതക്കുറവ് കൊണ്ടുവന്ന തെറ്റ് അവര്‍ തിരുത്തണമെന്നും വിസ്ഡം ഗ്രൂപ്പ് ആവശ്യപ്പെട്ടു.
പിറവി തീരെ ദര്‍ശിക്കേണ്ടതില്ലെന്നും കണക്കു മാത്രം ആശ്രയിച്ചാല്‍ മതിയെന്നും പറയുന്ന വലിയൊരുവിഭാഗം മുജാഹിദുകള്ക്കിടയിലുണ്ട്. നേതൃത്വം അവരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് ഇങ്ങനെ ചെയ്യുന്നത് എന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."