സ്പ്രിംക്ലര്‍ വിഷയത്തില്‍ ബി.ജെ.പിയില്‍ പരസ്യപ്പോര്;എം.ടി രമേശിന് മറുപടി നല്‍കി സുരേന്ദ്രന്‍
തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാര്‍ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന് മറുപടിയുമായി പ്രസിഡന്റ് കെ.സുരേന്ദ്രന്‍. രമേശിന്റെ വിമര്‍ശനം കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ്. പ്രാഥമിക ഘട്ടത്തില്‍ തന്നെ സി.ബി.ഐ അന്വേഷണം തള്ളിയാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.
സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും അല്ലാതെ വിജിലന്‍സ് അന്വേഷണമല്ലെന്നും വ്യക്തമാക്കി എം.ടി രമേശ് രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് രമേശിന് മറുപടിയുമായി സുരേന്ദ്രന്‍ എത്തിയത്. ആദ്യ ഘട്ടത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ നിരാകരിക്കപ്പെട്ടേക്കാമെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.
ഹൈക്കോടതിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ മനസിലാക്കാതെയാണ് ആരോപണം ഉന്നയിക്കുന്നത്. കരാര്‍ റദ്ദാക്കണമെന്നും ഡാറ്റ സുരക്ഷിതമാക്കണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അഴിമതിയുണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷിക്കുകയും വേണം. പ്രതിപക്ഷ നേതാവ് പോലും ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനും രംഗത്തെത്തി. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തിന് പ്രസക്തിയില്ല. അത് കള്ളന്റെ അടുത്ത് താക്കോല്‍ നല്‍കുന്നത് പോലെയാണ്. പിണറായിയുടെ കീഴിലാണ് വിജിലന്‍സുള്ളത്. എ.കെ.ജി സന്റെര്‍ പിണറായി വിജയന്റെ മകളുടെ കമ്പനിയുടെ ആസ്ഥാനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."