ഒടുവില്‍ വഴി തുറന്നു; നാഗാലാന്റില്‍ കുടുങ്ങിയ മലയാളി പൊലിസ് സംഘം ആന്ധ്രയിലെത്തി
പാലക്കാട്: മലപ്പുറത്തു നിന്നും പരിശീലനത്തിനായി മണിപ്പൂരിലേക്ക് പോയി നാഗാലാന്റെില്‍ കുടുങ്ങിയ റിസര്‍വ് ബറ്റാലിയനിലെ 123 അംഗ പൊലിസ് സംഘം ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ആന്ധ്രയിലെത്തി.
പ്രത്യേക ട്രെയിനില്‍ കേരളത്തിലേക്ക് തിരിച്ച സംഘം ഇന്നലെ അര്‍ധരാത്രിയോടെയാണ് ആന്ധ്രയിലെത്തിയത്. നാളെ പുലര്‍ച്ചെയോടെ സംഘം ബംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തും. അവിടെ നിന്ന് പൊലിസ് ബസില്‍ മലപ്പുറം പാണ്ടിക്കാട്ടുള്ള യൂനിറ്റില്‍ നാളെ രാത്രിയോടെ എത്തും.
തൃശൂര്‍ ആസ്ഥാനമായ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ മലപ്പുറം പാണ്ടിക്കാട് ക്യാംപില്‍ നിന്ന് മണിപ്പൂരില്‍ ഉന്നത പരിശീലനത്തിന് പോയ 115 റിക്രൂട്ട് പൊലിസുകാരും സപോര്‍ട്ടിങ് ഓഫിസര്‍മാരായ മൂന്നുപേരും അഞ്ച് ഹവില്‍ദാര്‍മാരുമടങ്ങുന്ന സംഘമാണ് നാഗാലാന്റില്‍ കുടുങ്ങിക്കിടന്നത്. ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടെയണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് യാത്ര മുടങ്ങിയ പൊലിസ് സംഘത്തെ നാഗാലാന്റിലെ കോഹിമ ബി.എസ്.എഫ് 93 ബറ്റാലിയനില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.
മണിപ്പൂര്‍ ബി.എസ്.എഫിന്റെ 113, 182 ബറ്റാലിയനുകളില്‍ അറ്റാച്ച് ചെയ്ത പരിശീലനം മാര്‍ച്ച് 20ന് പൂര്‍ത്തിയാക്കിയിരുന്നു. ട്രെയിന്‍ മാര്‍ഗം തിരിച്ചുവരാന്‍ ലക്ഷ്യമിട്ടാണ് മണിപ്പൂരില്‍ നിന്നും സംഘത്തെ നാഗാലാന്റിലെത്തിച്ചത്. എന്നാല്‍ യാത്രാ ദിവസത്തിനു തലേന്നാണ് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ്‍ വീണ്ടും നീട്ടുകയും മടക്കയാത്ര അനിശ്ചിതത്തിലാവുകയും ചെയ്തതോടെ സേനാംഗങ്ങളുടെ ബന്ധുക്കള്‍ പല വാതിലുകള്‍ മുട്ടിയെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് സംഘാംഗങ്ങള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനേയും കാര്യങ്ങള്‍ ധരിപ്പിക്കുകയും സഹായം അഭ്യര്‍ഥിക്കുകയുമായിരുന്നു.
ഈ സമയം ബംഗ്‌ളൂരുവില്‍ നിന്നും ഗുഹാവതിയിലേക്ക് സൈനികരെയും കൊണ്ട് പോയിട്ടുള്ള സ്‌പെഷ്യല്‍ ട്രെയിനില്‍ സേനാംഗങ്ങളുടെ മടക്കയാത്ര ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇരുവരും സമ്മര്‍ദം ചെലുത്തി. ഉമ്മന്‍ ചാണ്ടിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഡി.ജി.പി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. ശ്രീകണ്ഠന്‍ എം.പി റെയില്‍മന്ത്രാലയവുമായി ബന്ധപ്പെടുകയും ചെയ്തു. ഇന്ത്യാ ബറ്റാലിയന്‍ കമാന്റന്റ് ചൈത്ര തേരേസയും സംഘത്തെ നാട്ടിലെത്തിക്കാനായി കത്തിടപാടുകള്‍ നടത്തിയിരുന്നു. എങ്കിലും ട്രെയിന്‍ നിരക്ക് ഇനത്തില്‍ വന്‍തുക അടയ്ക്കുന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പം സംഘം യാത്ര പുറപ്പെടുന്നതുവരേയും നിലനിന്നിരുന്നു. ഇക്കാര്യത്തില്‍ ചൈത്ര തെരേസയും ആംഡ് പൊലിസ് ബറ്റാലിയന്‍ ഡി.ഐ.ജി പ്രകാശും അവസരോചിതമായ ഇടപെടലുകള്‍ നടത്തിയതോടെ യാത്രയുടെ അനിശ്ചിതത്വം പൂര്‍ണമായി നീങ്ങി.
ദീര്‍ഘനാള്‍ ആശങ്കകളുമായി നാഗാലാന്റില്‍ കഴിയേണ്ടി വന്നെങ്കിലും ജനപ്രതിനിധികളുടെയും പൊലിസ് വകുപ്പിന്റെയും അവസരോചിതമായ ഇടപെടലുകള്‍ ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് ബറ്റാലിയന്‍ അംഗങ്ങളും അവരുടെ കുടുംബങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."