എറണാകുളം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികളുടെ പരിചരണത്തിനു റോബോട്ടും
കളമശ്ശേരി:: എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ കൊവിഡ്- 19 രോഗികളുടെ പരിചരണത്തിനായി റോബോട്ടും. കൊവിഡ് രോഗികളെ ഐസൊലേഷന്‍ വാര്‍ഡില്‍ പരിചരിക്കാന്‍ നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായ വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായത്തോടെ കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്‌സാണ് കര്‍മിബോട്ട് എന്നു നാമകരണം ചെയ്ത സ്വയംപര്യാപ്തമായ റോബോട്ട് വികസിപ്പിച്ചത്.
ഇന്നലെ കളമശ്ശേരി സ്റ്റാര്‍ട്ടപ്പ് മിഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയരക്ടര്‍മാരായ മേജര്‍ രവി, വിനു കൃഷ്ണന്‍, അസിമോവ് റോബോട്ടിക്‌സ് സി.ഇ.ഒ ടി. ജയകൃഷ്ണന്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ എസ് .സുഹാസിനു റോബോട്ട് കൈമാറി. ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം റോബോട്ട് മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡിലെ രോഗികളെ പരിചരിക്കാന്‍ കൈമാറുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
രോഗികള്‍ക്കു മുറിയില്‍ ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക, രോഗികള്‍ ഉപയോഗിച്ച പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെയെത്തിക്കുക, രോഗികളുമായി ഡോക്ടര്‍ക്കു വീഡിയോ കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകള്‍. രോഗികളുമായുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സമ്പര്‍ക്കം പരമാവധി കുറയ്ക്കുക, പി.പി.ഇ കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ചിട്ടപ്പെടുത്തിയ കാര്യങ്ങള്‍ പൂര്‍ണമായും ചെയ്യാന്‍ റോബോട്ടിനു സാധിക്കും. 25 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള റോബോട്ടിനു സെക്കന്‍ഡില്‍ ഒരു മീറ്ററോളം വേഗത്തില്‍ സഞ്ചരിക്കാനും സാധിക്കും. സോപ്പ് ലായനിയും അള്‍ട്രാ വയലറ്റ് (യു.വി) ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണശേഷിയും കര്‍മിബോട്ടിന്റെ പ്രത്യേകതയാണ്.ഓട്ടോമാറ്റിക് ചാര്‍ജിങ്, സ്പര്‍ശനരഹിത ശരീരോഷ്മാവ് പരിശോധന തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി റോബോട്ടിന്റെ ശേഷി വര്‍ധിപ്പിക്കാനും നിര്‍മാതാക്കള്‍ക്കു പദ്ധതിയുണ്ട്. ചടങ്ങില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആര്‍.എം.ഒ ഡോ. ഗണേഷ് മോഹന്‍, ഡോ. മനോജ് ആന്റണി, എന്നിവര്‍ സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."