ദ. കൊറിയന്‍ ചരക്കുകപ്പല്‍ മുങ്ങി 24 പേരെ കാണാതായി
സിയൂള്‍: ദ. കൊറിയന്‍ ചരക്കുകപ്പല്‍ മുങ്ങി 24 പേരെ കാണാതായി. ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തില്‍ കരയില്‍നിന്ന് 2,414 കി. മീറ്റര്‍ അകലെയാണ് കപ്പല്‍ നിയന്ത്രണംവിട്ടു മറിഞ്ഞത്.
കപ്പലിലുണ്ടായിരുന്ന 24 പേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ദ. കൊറിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ബ്രസീലില്‍നിന്ന് 1,48,000 ടണ്‍ ഭാരമുള്ള ഇരുമ്പയിരുമായി ചൈനയിലേക്ക് പുറപ്പെട്ട ഭീമന് ധാതുവാഹിനി കപ്പലായ(വി.എല്‍.ഒ.സി) സ്റ്റെല്ലര്‍ ഡെയ്സിയാണ് അപകടത്തില്‍പെട്ടത്. ദ. കൊറിയയിലെ ബൂസാന് ആസ്ഥാനമായുള്ള കമ്പനിയുടേതാണ് കപ്പല്‍.
അപകടത്തില്‍ കാണാതായവര്‍ എല്ലാവരും കപ്പല്ജീവനക്കാരാണ്. ചങ്ങാടത്തില്‍ സഞ്ചരിക്കുകയായിരുന്ന കപ്പല്‍ ജീവനക്കാരായ രണ്ട് ഫിലിപ്പൈന്‍സ് പൗരന്മാരെ കരയ്ക്കെത്തിച്ചിട്ടുണ്ട്.
കാണാതായവരില്‍ എട്ടുപേര്‍ ദക്ഷിണ കൊറിയക്കാരും ബാക്കിയുള്ളവര്‍ ഫിലിപ്പൈന്‍സ് പൗരന്മാരുമാണ്.
ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനായി ദ. കൊറിയ ബ്രസീലിന്റെയും ഉറുഗ്വെയുടെയും സഹായം തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."