മുളയിലേ കരിഞ്ഞു, പാഴായത് ലക്ഷങ്ങള്‍
പുല്‍പ്പള്ളി: നിര്‍മാണം തുടങ്ങുന്നതിന് മുമ്പേ വിസ്മൃതിയിലായി പുല്‍പ്പള്ളിയിലെ അമ്പെയ്ത്ത് പരിശീലന കേന്ദ്രം. പത്ത് വര്‍ഷം മുമ്പ് സ്ഥലം ഏറ്റെടുത്തെന്നല്ലാതെ യാതൊരു നിര്‍മാണ പ്രവൃത്തിയും ഇതുവരെ നടത്തിയിട്ടില്ല. ഇതോടെ ലക്ഷങ്ങളാണ് ഉപകാരമൊന്നുമില്ലാതെ പാഴായിരിക്കുന്നത്.
2008ല്‍ പുല്‍പ്പള്ളിയിലെ ഇടതുപക്ഷ ഭരണ സമിതിയാണ് അമ്പെയ്ത്ത് പരിശീലന കേന്ദ്രത്തിനായി 80 ലക്ഷം രൂപ മുടക്കി സ്ഥലമേറ്റെടുത്തത്. പാളക്കൊല്ലിയിലായിരുന്നു ആദ്യം സ്ഥലം കണ്ടെത്തിയത്. എന്നാല്‍ കടമാന്‍തോട് പദ്ധതി വരുന്നതോടെ വെള്ളം കയറി സ്ഥലം മൂടിപ്പോകുമെന്നതിനാല്‍ ടൗണില്‍ നിന്നും ഒരു കി.മീറ്റര്‍ മാത്രമകലെ കോളറാട്ട്കുന്നില്‍ റോഡരികില്‍ പഞ്ചായത്ത് സ്ഥലം കണ്ടെത്തി.
80-ലക്ഷം രൂപ മുടക്കി എട്ട് ഏക്കര്‍ സ്ഥലമാണ് വാങ്ങിയത്. സ്ഥലമെടുപ്പിനു പിന്നില്‍ വന്‍ അഴിമതി നടന്നെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. പഞ്ചായത്ത് ഭരിച്ചിരുന്ന ഇടതുമുന്നണി പ്രതിപക്ഷ അംഗത്തിന്റെ വിയോജന കുറിപ്പ് കാര്യമാക്കാതെയായിരുന്നു സ്ഥലമേറ്റെടുത്ത് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കൈമാറിയത്. അന്താരാഷ്ട്ര നിലവാരമുള്ള അമ്പെയ്ത്ത് പരിശീലന കേന്ദ്രം ആരംഭിക്കുമെന്നും ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ എന്നിവക്കും സൗകര്യമൊരുക്കുമെന്നുമായിരുന്നു സ്ഥലം ഏറ്റെടുത്തുകൊണ്ട് അന്നത്തെ കായിക വകുപ്പ് മന്ത്രി പ്രഖ്യാപിച്ചത്.
വിദേശ കായികതാരങ്ങള്‍ക്ക് എളുപ്പത്തിലെത്താന്‍ ചെറുകിട വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും ഇറങ്ങാന്‍ സൗകര്യമുള്ള റണ്‍വെ നിര്‍മിക്കുമെന്നുകൂടി അന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്ഥലമേറ്റെടുത്തതിന് ശേഷം റണ്‍വേ പോയിട്ട് ഒരു നടവഴി പോലും അധികൃതര്‍ നിര്‍മിച്ചിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതിയും പദ്ധതിയെ പാടെ അവഗണിച്ചു. 10 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അമ്പെയ്ത്ത് പരിശീലന കേന്ദ്രം പഞ്ചായത്തിലെ സജീവ ചര്‍ച്ചയായിരിക്കുകയാണ്.
എന്നാല്‍ കേന്ദ്രത്തിന് വേണ്ടി വാദിക്കുന്ന നിലവിലെ ഇടതുപക്ഷ ഭരണ സമിതിയും 2017-18 വാര്‍ഷിക ബജറ്റിലും കേന്ദ്രത്തിനായി ഒരു രൂപ പോലും മാറ്റി വച്ചിട്ടില്ല. കൂടാതെ മറ്റു ആവശ്യങ്ങള്‍ക്കായി സ്ഥലമേറ്റെടുക്കാന്‍ കോടികള്‍ വകയിരിത്തിരിക്കെയാണ് സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായ അമ്പെയ്ത്ത് കേന്ദ്രത്തെ അവഗണിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലും പരിശീലന കേന്ദ്രമെന്ന പദ്ധതി മറന്ന മട്ടാണ്.
ഇതോടെ പുല്‍പ്പള്ളിക്കാര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന പരിശീലന കേന്ദ്രം കാടുമൂടിയ സ്ഥലം മാത്രമായി അവശേഷിക്കുകയാണ്. മന്ത്രിയുള്‍പെടെയുള്ളവരുടെ പ്രഖ്യാപനങ്ങള്‍ പാഴ് വാക്കായതില്‍ പ്രതിഷേധവും വ്യാപകമാണ്. ഭൂമി ഏറ്റെടുപ്പിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."