പള്‍സര്‍ സുനിയുമായെത്തിയ പൊലിസ് ജീപ്പ് അപകടത്തില്‍പ്പെട്ടു
കുന്നംകുളം: നടിയെ അക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുമായി കുന്നംകുളത്തേക്ക് പോവുകയായിരുന്ന പൊലിസ് ജീപ്പ് അപകടത്തില്‍പ്പെട്ടു. രാവിലെ പതിനൊന്നോടെ കുന്നംകുളം തൃശൂര്‍ റോഡില്‍ ഒനീറോ ജംങ്ഷനു സമീപത്തായിരുന്നു അപകടം.
കാക്കനാട് സബ് ജയിലില്‍നിന്നു കുന്നംകുളം കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടം. കുന്നംകുളം കാണിപ്പയ്യൂര്‍ സ്വദേശിയായ എബി കോടതിയില്‍ നല്കിയ പരാതിയില്‍ സുനിക്കെതിരേ വഞ്ചനാകുറ്റം ചുമത്തി കേസെടുത്തിരുന്നു. മോഷ്ടിച്ച ബൈക്ക് എബിക്ക് വില്പന നടത്തുകയും, പിന്നീട് ബൈക്ക് മോഷ്ടിച്ചതാണെന്ന് തിരിച്ചറിയുകയും പൊലിസ് കേസെടുക്കുകയായിരുന്നു. കേസില്‍ എബിയുള്പടേയുള്ളവര് പ്രതിയാവുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ചാണ് പരാതി നല്‍കിയത്. കുന്നംകുളം കോടതി അവധി ആയതിനാല്‍ സുനിയെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി പൊലിസ് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. ബൈക്ക് മോഷണകേസുമായി ബന്ധപെട്ട് സുനിയെ പിടികൂടാന്‍ കുന്നംകുളം പൊലിസ് അന്ന് പെരുമ്പാവൂരില്‍ പോയെങ്കിലും ഇയാളെ കിട്ടിയില്ല. തുടര്‍ന്ന് ഈ കേസ് പെരുമ്പാവൂരിലേക്ക് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."