'അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണം'
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ടൗണിലെ വിവിധ സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങളിലും പൊതു സ്ഥലങ്ങളിലും അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന പാഴ്മരങ്ങളും ഉണങ്ങിയ മരങ്ങളും എത്രയും വേഗം മുറിച്ച് മാറ്റണമെന്ന് പൊതു പ്രവര്‍ത്തകരം നാട്ടുകാരും ആവശ്യപ്പെടുന്നു.
ശക്തമായ മഴയ്‌ക്കൊപ്പം വീശിയടിക്കുന്ന കൊടുംകാറ്റില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിരവധി മരങ്ങളാണ് ഒടിഞ്ഞ് വീണതും കടപുഴകിയതും. നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസ് പരിസരത്ത് മാസങ്ങളായി ഉണങ്ങി നില്‍ക്കുന്ന വന്‍ മരം മുറിച്ച് മാറ്റാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പരാതിയുണ്ട്. കൂടാതെ ഓഫിസിന് പുറക് വശത്തായി നില്‍ക്കുന്ന വന്‍ പാഴ്മരങ്ങളും അപകട ഭീഷണിയിലാണ്. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസില്‍ എത്തുന്നവരുടെ തലയില്‍ ശാഖകള്‍ ഒടിഞ്ഞുവീഴുന്ന സംഭവങ്ങളും നടക്കുന്നുണ്ട്.
നെയ്യാറ്റിന്‍കര എസ്.ബി.ഐ ജങ്ഷനില്‍ നിന്ന് പൊലിസ് സമുച്ചയത്തിലേയ്ക്ക് പോകുന്ന റോഡിനു സമീപം ഗവ. ഗേള്‍സ് എച്ച്.എസ്.എസിന് സമീപത്തായും നിരവധി വന്‍ പാഴ്മരങ്ങളാണ് ഏത് നിമിഷവും കടപുഴകാന്‍ തായാറായി നില്‍ക്കുന്നത്. മിനിസിവില്‍ സ്റ്റേഷന്‍പരിസരത്തും എക് സൈസ് ഓഫിസിന് സമീപവും നിരവധി വൃക്ഷങ്ങളാണ് അപകട ഭീഷണിയില്‍ നില്‍ക്കുന്നത്. എന്നാല്‍ ബന്ധപ്പെട്ടവര്‍ പറയുന്നത് മരങ്ങള്‍ മുറിച്ച് മാറ്റാന്‍ അനുവാദം ലഭിക്കാന്‍ നിരവധി കടമ്പകള്‍ കടക്കണമെന്നാണ്.
സ്‌കൂളുകള്‍ തുറന്ന സമയമായതിനാല്‍ കുട്ടികളെ ഭയത്തൊടെയാണ് രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ അയക്കുന്നത്. കൂടാതെ എസ്.ബി.ഐ ജങ്ഷന്‍ കേന്ദ്രീകരിച്ച് നിരവധി വഴിയോര കച്ചവടക്കാരും ഭീഷണി അവഗണിച്ച് കച്ചവടം നടത്തി വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."