ചാനല്‍ ഓഫിസില്‍ വീണ്ടും പരിശോധന
തിരുവനന്തപുരം: എ.കെ.ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍കെണി വിവാദത്തില്‍ പ്രത്യേക അന്വേഷണസംഘം ഇന്നലെയും സ്വകാര്യ ചാനല്‍ ഓഫിസില്‍ പരിശോധന നടത്തി. ചാനലിന്റെ ലൈസന്‍സ് സംബന്ധിച്ച രേഖകള്‍ അന്വേഷണസംഘം പിടിച്ചെടുത്തതായറിയുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്നിനാരംഭിച്ച പരിശോധന നാലു മണിക്കൂര്‍ നീണ്ടു.
അതേസമയം ചാനല്‍ മേധാവി ഉള്‍പ്പെടെ ഒന്‍പത് പ്രതികള്‍ ഇന്നലെയും ചോദ്യംചെയ്യലിനു ഹാജരായില്ല. ജീവനക്കാരില്‍നിന്നു വിശദമായ മൊഴി രേഖപ്പെടുത്തി. വിവാദ ഫോണ്‍ സംഭാഷണം സംപ്രേഷണം ചെയ്ത ദിവസത്തെ ചാനലിന്റെ സെര്‍വറിലെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു.
ഒരു കംപ്യൂട്ടറും കസ്റ്റഡിയിലെടുത്തു. മൂന്നു സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. എ.കെ.ശശീന്ദ്രനും മാധ്യമപ്രവര്‍ത്തകയും തമ്മിലുള്ള വിവാദ ഫോണ്‍സംഭാഷണം സംപ്രേഷണം ചെയ്ത ദിവസത്തെ ചാനലിന്റെ സെര്‍വറിലെ വിവരങ്ങളാണ് അന്വേഷണസംഘം ശേഖരിച്ചത്.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റിയതിനുപിന്നാലെയാണു പ്രത്യേക അന്വേഷണസംഘം പരിശോധന ആരംഭിച്ചത്. വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന പ്രതികളുടെ അഭിഭാഷകന്റെ വാദം ഹൈക്കോടതി തളളി. പ്രതികളുടെ അറസ്റ്റ് തടയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇനി ഇവരെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഉറപ്പുനല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാറിനായി ഹാജരായ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."