മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗം പ്രഹസനം: കൊടിക്കുന്നില്‍
കൊല്ലം: കശുവണ്ടി മേഖലയിലെ തൊഴില്‍ സ്തംഭനത്തിനു പരിഹാരം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലത്തു വിളിച്ചുചേര്‍ത്ത യോഗം പ്രഹസനമായിരുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. കശുവണ്ടി മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി അധികാരത്തില്‍ വന്നാല്‍ 30 ദിവസത്തിനകം പരിഹരിക്കുമെന്നു പറഞ്ഞ് തൊഴിലാളികളുടേയും കശുവണ്ടി വ്യവസായികളുടേയും വോട്ടുവാങ്ങി അധികാരത്തില്‍ വന്നിട്ടും മേഖല നിശ്ചലമാണ്.
ഈ സര്‍ക്കാരിനു കശുവണ്ടി മേഖലയില്‍ ഇതുവരെ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അടഞ്ഞുകിടന്ന കശുവണ്ടി ഫാക്ടറികള്‍ അതേപടി ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കശുവണ്ടി വ്യവസായം നടത്തിയിരുന്ന വ്യവസായികളും ഇപ്പോള്‍ പിന്നോക്കം പോയി. ചെറുകിട ഇടത്തരം കശുവണ്ടി വ്യവസായികള്‍ക്ക് ബാങ്കുകളില്‍ നിന്നു ലഭിച്ചുകൊണ്ടിരുന്ന വ്യവസായം ലോണ്‍ നല്‍കാത്ത അവസ്ഥയിലാണ്. അതീവ ഗൗരവ സാഹചര്യം കശുവണ്ടി മേഖലയില്‍ നിലനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകക്ഷി നേതാക്കളും തിരുവനന്തപുരത്തും കൊല്ലത്തും ചര്‍ച്ചകള്‍ നടത്തി തൊഴിലാളികളെ കബളിപ്പിക്കുന്നതല്ലാതെ കശുവണ്ടി വ്യവസായത്തെ രക്ഷിക്കാനുള്ള ഒരു പദ്ധതിയും ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നില്ലായെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി.
രണ്ടു വര്‍ഷമായി കശുവണ്ടി തൊഴിലാളികളെ പട്ടിണിക്കിട്ടിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് കൊല്ലം ജില്ലയില്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ നടത്തുന്ന ചെപ്പടി വിദ്യയാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നടത്തുന്ന പരിഹാരം കാണാത്ത ചര്‍ച്ചകളെന്നും എം.പി കുറ്റപ്പെടുത്തി.
കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചപ്പോള്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ വിളിക്കാതിരുന്നതില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. സര്‍ക്കാര്‍ ഇനിയും അലംഭാവം കാണിച്ചാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ നിര്‍ബന്ധിതമാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."