ഫോണ്‍ കെണി: പ്രതികള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി
തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ മംഗളം ചാനല്‍ മേധാവിയടക്കമുള്ള പ്രതികള്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. കെണി ഒരുക്കിയ മാധ്യമ പ്രവര്‍ത്തക ഹാജരായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ കീഴടങ്ങിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
മംഗളം ടെലിവിഷന്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ്, സി.ഇ.ഒ ആര്‍. അജിത് കുമാര്‍, കോഓഡിനേറ്റിങ് എഡിറ്റര്‍മാരായ എം.ബി സന്തോഷ്, ഋഷി കെ. മനോജ്, റിപ്പോര്‍ട്ടര്‍ എസ്. ജയചന്ദ്രന്‍, ന്യൂസ് എഡിറ്റര്‍മാരായ ലക്ഷ്മി മോഹന്‍, ഫിറോസ് സാലി മുഹമ്മദ്, എസ്.വി പ്രദീപ്, കെണി ഒരുക്കിയ മാധ്യമപ്രവര്‍ത്തക എന്നിവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തിരുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അശ്ലീല സംപ്രേഷണം, ഗൂഢാലോചന, വിശ്വാസവഞ്ചന, ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുരുപയോഗം, രേഖകളില്‍ കൃത്രിമം കാണിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രത്യേക അന്വേഷണസംഘം കേസെടുത്തത്. ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ പാലക്കാട് എസ്.പി പ്രതീഷ് കുമാര്‍, കോട്ടയം എസ്.പി എന്‍. രമാചന്ദ്രന്‍, ഹൈടെക് സെല്‍ ഡിവൈ.എസ്.പി ബിജുമോന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാനവാസ്, എസ്.ഐ സുധാകുമാരി എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
അഡ്വ. ശ്രീജാ തുളസി, അഡ്വ. മുജീബ് റഹ്മാന്‍, വനിതാ മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് കേസ്.
കഴിഞ്ഞ ദിവസം മംഗളം ചാനലിന്റെ തിരുവനന്തപുരത്തെ ഓഫിസില്‍ അേേന്വഷണ സംഘം പരിശോധന നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്ത എഡിറ്റ് ചെയ്ത കംപ്യൂട്ടറും ഇതുസംബന്ധിച്ച വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവും അന്വേഷണ സംഘം പിടിച്ചെടുത്തു. സംഭാഷണത്തിന്റെ പൂര്‍ണ രൂപം കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."