യൂനിയന്‍ പ്രവര്‍ത്തനത്തില്‍ ഒരു വ്യവസായവും തകരില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സി.ഐ.ടി.യു സമരത്തെ തുടര്‍ന്ന് പൂട്ടിക്കിടക്കുന്ന കോലഞ്ചേരി കടയിരുപ്പിലെ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് കമ്പനി തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി.
മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വിശദീകരണം നല്‍കിയതോടെ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. വി.പി സജീന്ദ്രന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്തൈറ്റ് കമ്പനി മാനേജ്‌മെന്റിന്റെ നടപടികളെ വിമര്‍ശിച്ചു. കമ്പനിയില്‍ സി.ഐ.ടി.യു യൂനിയന് രൂപം നല്‍കിയതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരേ മാനേജ്‌മെന്റ് സ്വീകരിച്ച പകപോക്കല്‍ നടപടി ശരിയല്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി യൂനിയന്‍ വന്നതിലുള്ള മാനേജ്‌മെന്റിന്റെ എതിര്‍പ്പാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞു. യൂനിയന്‍ പ്രവര്‍ത്തനത്തില്‍ ഒരു വ്യവസായവും തകരില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
18 സി.ഐ.ടി.യു പ്രവര്‍ത്തകരെ ട്രേഡ്‌യൂനിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ കമ്പനിയുടെ തമിഴ്‌നാട്ടിലെ സ്ഥാപനത്തിലേക്ക് സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് നടന്നു വരുന്ന സമരത്തെ തുടര്‍ന്ന് അഞ്ഞൂറിലേറെ പേരുടെ തൊഴിലാണ് നഷ്ടമായിരിക്കുന്നതെന്ന് വി.പി സജീന്ദ്രന്‍ പറഞ്ഞു.
സി.ഐ.ടി.യു കേരളത്തിലെ വ്യവസായാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ തൊഴിലാളികളെ കമ്പനിക്ക് അകത്തേക്ക് കയറാന്‍ സി.ഐ.ടി.യുക്കാര്‍ അനുവദിക്കുന്നില്ല. ഭരണത്തിന്റെ തണലില്‍ യൂനിയന്‍ അക്രമം കാട്ടുകയാണ്. തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതിനു പകരം സമരക്കാര്‍ക്കാണ് പൊലിസ് സംരക്ഷണം നല്‍കുന്നത്.
കേരളത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി പ്രവര്‍ത്തിക്കുകയും സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന വലിയ സ്ഥാപനമാണ് സിന്തൈറ്റ്. ഈ സ്ഥാപനത്തെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും സജീന്ദ്രന്‍ ആവശ്യപ്പെട്ടു. ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ മാനേജ്‌മെന്റ് വഴങ്ങാത്ത സാഹചര്യമാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."