അവര്‍ രണ്ടുപേര്‍ കൈകൊടുക്കുമ്പോള്‍
സിംഗപ്പൂര്‍ സിറ്റി: ലോകം മൂന്നാം ലോക യുദ്ധത്തിന്റെ തൊട്ടരികിലെന്നു വരെ വിശേഷിപ്പിക്കപ്പെട്ട ട്രംപ്-കിം പോര് ഇന്ന് സെന്‍സോറ്റയിലെ കാപെല്ല ഹോട്ടലില്‍ പറഞ്ഞുതീര്‍ക്കുമോ? രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്ന മുഹൂര്‍ത്തത്തില്‍ എന്തൊക്കെ സംഭവിക്കുമെന്നത് ഇരുനേതാക്കളുടെയും പ്രകൃതം പോലെതന്നെ പ്രവചനാതീതമാണ്. ഇന്നത്തെ യു.എസ്-ഉ.കൊറിയന്‍ ഉച്ചകോടിയുടെ സവിശേഷതകള്‍ ചുരുക്കി വായിക്കാം.
എപ്പോള്‍, എവിടെവച്ച് ?
ചൊവ്വാഴ്ച പ്രാദേശിക സമയം ഒന്‍പതിന് കൂടിക്കാഴ്ചയ്ക്ക് തുടക്കമാകും.
വേദിയാകുന്നത് സിംഗപ്പൂരിലെ വിനോദസഞ്ചാര കേന്ദ്രമായ സെന്റോസ ഉപദ്വീപിലെ അത്യാഢംബര ഹോട്ടലായ കാപെല്ല.
ട്രംപിനും കിമ്മിനും പുറമെ ആരെല്ലാം?
യു.എസ് പക്ഷത്തുനിന്ന് ട്രംപിനു പുറമെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, വൈറ്റ് ഹൗസ് സ്റ്റാഫ് മേധാവി ജോണ്‍ കെല്ലി, ഉപമേധാവി ജോ ഹാഗിന്‍, ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ ഏഷ്യ ഡയരക്ടര്‍ മാത്യു പോട്ടിങര്‍, മുതിര്‍ന്ന നയകാര്യ ഉപദേഷ്ടാവ് സ്റ്റീഫന്‍ മില്ലര്‍ പങ്കെടുക്കും.
ട്രംപിന്റെ ഉപദേഷ്ടാവും മകളുമായ ഇവാന്‍ക ട്രംപും, മരുമകനും മറ്റൊരു ഉപദേഷ്ടാവുമായ ജാരദ് കുഷ്‌നറും പങ്കെടുക്കില്ലെന്നാണു വിവരം.
മുന്‍ അമേരിക്കന്‍ പ്രൊഫഷനല്‍ ബാസ്‌ക്കറ്റ് ബോള്‍ താരവും കിം ജോങ് ഉന്നിന്റെ ഉറ്റ സുഹൃത്തുമായ ഡെന്നിസ് റോഡ്മാനും മുതിര്‍ന്ന യു.എസ് മാധ്യമപ്രവര്‍ത്തകരായ സീന്‍ ഹാനിറ്റിയും മുന്‍ വൈറ്റ് ഹൗസ് സഹായി സെബാസ്റ്റ്യന്‍ ഗൂര്‍ക്കയും ഹോട്ടല്‍ ലോബിയിലുണ്ടാകും.
ഉ.കൊറിയന്‍ സംഘത്തില്‍: വിദേശകാര്യ മന്ത്രി റി യോങ് ഹോ, കിമ്മിന്റെ വിശ്വസ്തനും യു.എസുമായുള്ള ചര്‍ച്ചയുടെ സൂത്രധാരനുമായ കിം ജോങ് ചോല്‍, കിമ്മിന്റെ സഹോദരി കിം യോ ജോങ്.
അവര്‍ എന്തായിരിക്കും സംസാരിക്കുക?
കൊറിയന്‍ ഉപദ്വീപിനെ ആണവമുക്തമാക്കുക.
ഉ.കൊറിയയുടെ സമ്പൂര്‍ണ ആണവ നിരായുധീകരണം.
നിലവിലെ ആണവായുധങ്ങള്‍ നശിപ്പിക്കാനുള്ള തിയതി
നിശ്ചയിക്കല്‍.
കൊറിയന്‍ മേഖലയിലെ യു.എസ് സൈനിക സാന്നിധ്യം.
ഉ.കൊറിയക്കെതിരേ അമേരിക്കയും യു.എന്നും അടക്കം ഏര്‍പ്പെടുത്തിയ നയതന്ത്ര ഉപരോധം.
കരാറുകള്‍
ഇരുരാജ്യങ്ങളും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള കരാറില്‍ ഒപ്പുവയ്ക്കാനുള്ള സാധ്യത കുറവാണ്. ഇക്കാര്യം യു.എസ് അറിയിച്ചിട്ടുണ്ട്.
1953ല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ഇപ്പോഴും സാങ്കേതികമായി തുടരുകയും ചെയ്യുന്ന കൊറിയന്‍ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാന്‍ തീരുമാനമുണ്ടായേക്കും.
കിമ്മിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."