മൂക്കു പൊത്തിച്ച് ജില്ലാ ഭരണകാര്യാലയം
ആലപ്പുഴ : ജില്ലാ ഭരണകേന്ദ്രത്തില്‍ എത്തുന്നവര്‍ സഞ്ചരിക്കാന്‍ മൂക്കുപൊത്തണം. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ നാട്ടുക്കാര്‍ക്കും ജീവനക്കാര്‍ക്കും വെളിയിടം തന്നെ ആശ്രയം. ജില്ലാ കളക്ടറുടെ മൂക്കിന് താഴെ മാസങ്ങളായി പൊട്ടിപൊളിഞ്ഞ് ഉപയോഗ ശൂന്യമായി കിടക്കുന്ന ശുചിമുറികള്‍ക്കാണ് ഈ ദുര്‍ഗതി.
ഭരണസിരാ കേന്ദ്രത്തിലെത്തുന്നവര്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ കാര്യാലയത്തിന് പുറത്തെത്തി വെളിയിടം അന്വേഷിക്കേണ്ട ഗതികേടിലാണ്. ദിനംപത്രി നൂറുകണക്കിന് ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഇവിടെ പൊതുജനങ്ങള്‍ക്കായി കാര്യാലയത്തില്‍ നിര്‍മിച്ചിട്ടുളള ശുചികേന്ദ്രങ്ങളാണ് കാടുകയറി പൊട്ടിപൊളിഞ്ഞ് അനാഥമായത്.
പരാതികള്‍ ഏറെ നല്‍കിയെങ്കിലും കളക്ടറുടെ ശ്രദ്ധ ശുചിമുറികള്‍ സജ്ജമാക്കുന്നതില്‍ എത്തിയിട്ടില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. സുപ്രധാന വകുപ്പുകളായ പൊതുമരാമത്ത്, റോഡ്, റവന്യു, ട്രഷറി മുതലായവ ഈ കേന്ദ്രത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശുചിത്വ മിഷനും ഹരിത കേരളവും വെളിയിട മാലിന്യ നിര്‍മാര്‍ജന പദ്ധതികളും നാട്ടില്‍ വന്‍ പ്രചാരം നേടുമ്പോഴാണ് ജില്ലാ കള്ക്ടറുടെ അധീനതയിലുളള കാര്യാലയത്തില്‍ ടോയ്‌ലറ്റ് അടക്കമുളള ശുചികേന്ദ്രം പൊട്ടിപൊളിഞ്ഞത്.
ജനങ്ങളുടെ പരാതിക്ക് പരിഹാം കാണാന്‍ ജില്ലാ കളക്ടര്‍ ബൃഹത് പദ്ധതികള്‍ പ്രഖ്യാപിച്ച് നാടുനീളെ പരാതി പരിഹാര മേള നടത്തുമ്പോഴാണ് സ്വന്തം അധികാര പരിധിയില്‍പ്പെട്ട കാര്യാലയത്തിലെ ശുചിമുറികളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ജനങ്ങളും നാട്ടുക്കാരും ഒരു പോലെ പരാതിപ്പെട്ടിട്ടും മുഖംതിരിച്ചത്.
ജില്ലയിലെ വിവിധ നഗരസഭകളും പഞ്ചായത്തുകളും മാലിന്യ നിര്‍മ്മാര്‍ജനത്തിനും വെളിയിടരഹിത മാലിന്യ നിര്‍മ്മാര്‍ജന പദ്ധതികള്‍ക്കുമായി ലക്ഷങ്ങള്‍ വിഹിതമായി നീക്കുവെക്കുമ്പോഴും ജില്ലാ ഭരണ സിരാ കേന്ദ്രത്തില്‍ ശുചിമുറി സജ്ജമാക്കാന്‍ ഫണ്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. 2017-18 വര്‍ഷത്തെ ജില്ലാ പഞ്ചായത്തിന്റെയും നഗരസഭയുടെയും ബജറ്റുകളില്‍ ശുചിത്വത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും 15.5 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്രാദേശിക ഭരണകൂടങ്ങള്‍ ശുചിത്വത്തിനും മാലിന്യ നിര്‍മ്മാര്‍ജനത്തിനും ഏറെ ശ്രദ്ധപുലര്‍ത്തുമ്പോള്‍ ഇതിന് സഹായകമായി പ്രവര്‍ത്തിക്കേണ്ട ജില്ലാ ഭരണക്കൂടമാണ് ശിചിത്വ കേരളം സൃഷ്ടിക്കുന്നതില്‍ തടസമാകുന്നത്. വെളിയിട മാലിന്യ നിര്‍മാര്‍ജന പദ്ധതി പ്രകാരം ജില്ലയില്‍ പതിനെട്ടായിരം ടോയ്‌ലറ്റുകളാണ് ഈ വര്‍ഷം വിതരണം ചെയ്തിട്ടുളളത്. ഇത് സര്‍ക്കാരിന്റെ മുഖ്യ അജണ്ടകളിലൊന്നായ പദ്ധതിയാണ്.
കേന്ദ്ര സര്‍ക്കാര്‍ വെളിയിട മാലിന്യ നിര്‍മാര്‍ജന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് മുന്‍പേതന്നെ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി മാസങ്ങള്‍ക്കകം വെളിയിട മാലിന്യ നിര്‍മാര്‍ജന പദ്ധതി നടപ്പിലാക്കി ക്രഡിറ്റ് എടുത്ത സാഹചര്യത്തിലാണ് ജില്ലാ ഭരണ കേന്ദ്രത്തില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ജനങ്ങള്‍ വെളിയിടം അന്വേഷിക്കേണ്ട ദുരവസ്ഥ ഉണ്ടായത് സര്‍ക്കാരിന് കനത്ത നാണക്കേടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."