സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ അപകടം ഡ്രൈവറുടെ അശ്രദ്ധമൂലമെന്ന് റിപ്പോര്‍ട്ട്
കൊച്ചി: മരടില്‍ സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ച അപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോര്‍ട്ട്. വീതി കുറഞ്ഞ റോഡില്‍ അമിതവേഗതയിലാണ് വാന്‍ ഓടിച്ചിരുന്നതെന്നാണ് ആര്‍ടിഒ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സ്ഥലപരിചയം ഉള്ളയാളാണ് ഡ്രൈവര്‍. അശ്രദ്ധകൊണ്ടല്ലാതെ ഇത്തരം അപകടങ്ങള്‍ സംഭവിക്കില്ല. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കൊച്ചിയിലെ സ്കൂള്‍ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തുകയാണ്.
ഇന്നലെ മരട് കാട്ടിത്തറ റോഡിലെ ഇല്ലത്തുപറമ്പില്‍ കുളത്തിലാണ് ദാരുണമായ സംഭവം. മരട് ആയത്തറ പറമ്പില്‍ സനലിന്റ മകള്‍ വിദ്യാലക്ഷ്മി (4), മരട് അയനി ബണ്ട് റോഡില്‍ ശ്രീജിത്തിന്റെ മകന് ആദിത്യന് (4), സ്കൂളിലെ ആയയായ മരട് വിക്രം സാരാഭായ് റോഡിലെ ഉണ്ണിയുടെ ഭാര്യ ലത (45) എന്നിവരാണ് മരിച്ചത്
കിഡ്സ് വേള്‍ഡ് എന്ന ഡേ കെയര്‍ സ്ഥാപനത്തിന്റെ വാനാണ് അപകടത്തില്‍പ്പെട്ടത്. എട്ടു കുട്ടികളുമായിട്ടാണ് ഡേ കെയറില്‍ നിന്ന് വാഹനം പുറപ്പെട്ടത്. അഞ്ച് കുട്ടികളെ വീടുകളില്‍ എത്തിച്ച ശേഷം മൂന്നുപേരെ കൂടി ഇറക്കാന്‍ പോകുന്നതിനിടെയാണ് വാഹനം മറിഞ്ഞത്. എതിരേവന്ന സൈക്കിളിന് സൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുളത്തിലേക്ക് വാഹനം മറിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."